- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പെൺകുട്ടികളെ സ്വയം പര്യാപ്തതയിൽ എത്തിച്ചതിനു ശേഷമാവണം വിവാഹം; 18 വയസിൽ തന്നെ വിവാഹം നടത്തണമെന്ന് നിർബന്ധബുദ്ധി പാടില്ലെന്നും വനിതാ കമ്മീഷൻ അദ്ധ്യക്ഷ പി സതീദേവി
തിരുവനന്തപുരം: പെൺകുട്ടികളെ സ്വയം പര്യാപ്തതയിൽ എത്തിച്ചതിനു ശേഷമാവണം വിവാഹം നടത്തേണ്ടതെന്ന് വനിതാ കമീഷൻ അധ്യക്ഷ അഡ്വ.പി. സതീദേവി. പട്ടിക വർഗ മേഖല ക്യാമ്പിന്റെ ഭാഗമായി കുറ്റിച്ചൽ ഗ്രാമ പഞ്ചായത്തിലെ മണ്ണാംകോണം കമ്മ്യൂണിറ്റി ഹാളിൽ നടത്തിയ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു വനിതാ കമ്മിഷൻ അധ്യക്ഷ.
നിയമപരമായി 18 വയസിൽ വിവാഹം കഴിക്കാൻ സാധിക്കുമെങ്കിലും ഈ പ്രായത്തിൽ തന്നെ വിവാഹം നടത്തണമെന്ന് നിർബന്ധബുദ്ധി പുലർത്തേണ്ടതില്ല. കുടുംബശ്രീ ഓക്‌സിലിയറി ഗ്രൂപ്പുകൾ മുഖേന യുവതികൾക്ക് നൈപുണ്യ പരിശീലനം ലഭ്യമാക്കണം. അംഗൻവാടികളിലേക്കും സ്‌കൂളുകളിലേക്കും എല്ലാ ദിവസവും കുട്ടികളെ അയക്കാൻ മാതാപിതാക്കൾ ശ്രദ്ധിക്കണം. സ്‌കൂൾ പഠനത്തിനു സജ്ജമാക്കുന്ന മികച്ച പരിശീലനമാണ് അംഗൻവാടികളിൽ കുട്ടികൾക്കു ലഭിക്കുന്നത്.
പഠനത്തിനൊപ്പം പോഷക മൂല്യമുള്ള ആഹാരവും അംഗൻവാടികളിൽ കൃത്യമായി കുട്ടികൾക്കു ലഭിക്കുന്നുണ്ട്. രണ്ടര വയസു കഴിഞ്ഞ കുട്ടികളെ നിർബന്ധമായും അംഗൻവാടികളിൽ അയയ്ക്കാൻ മാതാപിതാക്കൾ ശ്രദ്ധിക്കണം. കുട്ടികൾക്ക് വിദ്യാലയങ്ങളിൽ എത്തുന്നതിന് നിലവിലുള്ള യാത്രാസൗകര്യങ്ങളെയെല്ലാം ഉപയോഗപ്പെടുത്തണം. പുകയില ഉപയോഗിച്ചുള്ള മുറുക്ക് കാൻസറിനു കാരണമാകുമെന്ന് ഗോത്ര ജനത തിരിച്ചറിയണം. കുടുംബ ബന്ധങ്ങളെയും ആരോഗ്യത്തെയും തകർക്കുന്നതിനാൽ മദ്യപാനം ഒഴിവാക്കണം.
ഗോത്ര ജനതയുടെ ജീവിതം മെച്ചപ്പെടുത്തുന്നതിന് പ്രാധാന്യം നൽകുന്ന കേരളത്തിലേതു പോലെ മറ്റൊരു സംസ്ഥാന സർക്കാർ ഇന്ത്യയിലില്ല. പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവരുടെ ക്ഷേമത്തിനായി വിപുലമായ കർമ പദ്ധതികളാണ് സംസ്ഥാന സർക്കാർ നടപ്പാക്കി വരുന്നത്. ഈ വിഭാഗത്തിന്റെ മുന്നേറ്റത്തിനായി വിദ്യാഭ്യാസ മേഖലക്ക് ഊന്നൽ നൽകിയുള്ള പദ്ധതികളാണ് നടപ്പാക്കി വരുന്നത്. സർക്കാർ നടപ്പാക്കുന്ന വിദ്യാഭ്യാസ, ക്ഷേമ പദ്ധതികളുടെ പ്രയോജനം ഗോത്ര ജനതക്ക് ലഭ്യമാക്കുന്നതിന് ആവശ്യമായ അവബോധം നൽകുന്നതിന് പട്ടികവർഗ പ്രമോട്ടർമാർ ജനങ്ങളിലേക്ക് നേരിട്ടു ചെല്ലണമെന്നും വനിതാ കമ്മിഷൻ അധ്യക്ഷ പറഞ്ഞു.
വനിതാ കമ്മിഷൻ അംഗം വി.ആർ. മഹിളാമണി അധ്യക്ഷത വഹിച്ചു. കുറ്റിച്ചൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി. മണികണ്ഠൻ മുഖ്യാതിഥിയായിരുന്നു. പട്ടികവർഗ മേഖലയിലെ പദ്ധതികളും പോളിസികളും എന്ന വിഷയം കട്ടേല ഡോ. അംബേദ്കർ മെമോറിയൽ റസിഡൻഷ്യൽ സ്‌കൂൾ സീനിയർ സൂപ്രണ്ട് എസ്. ഷിനുവും ലഹരിയുടെ കാണാക്കയങ്ങൾ എന്ന വിഷയം ആര്യനാട് റേഞ്ച് എക്സൈസ് പ്രിവന്റീവ് ഓഫീസർ ബി. ഗിരീഷും അവതരിപ്പിച്ചു.
മറുനാടന് മലയാളി ബ്യൂറോ