വയനാട്: വയനാട് വെള്ളാരംകുന്നിൽ കെഎസ്ആർട്ടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞ് ഇരുപത്തിരണ്ട് പേർക്ക് പരിക്കേറ്റു. മൂന്ന് പേരുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ കൽപ്പറ്റയിലെ വിവിധ ആശുപത്രികളിലും മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

ഇന്ന് വൈകിട്ട് നാലരയോടെയായിരുന്നു അപകടം ഉണ്ടായത്. നിയന്ത്രണം വിട്ട ബസ് നിരങ്ങി നീങ്ങി താഴ്ചയിലേക്ക് മറിയുകയായിരുന്നു. ബസ്സിന്റെ ബ്രേക്ക് നഷ്ടപ്പെട്ടുവെന്നാണ് ഡ്രൈവർ പറയുന്നത്. ഇറക്കത്തിലായിരുന്ന ബസ് സമീപത്തെ ഹോം സ്റ്റേയുടെ മുറ്റത്തേക്ക് മറിയുകയായിരുന്നു. മാനന്തവാടിയിൽ നിന്ന് കോഴിക്കോട്ടേക്ക് വരികയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്.