ശബരിമല: പതിനെട്ടാംപടി കയറുന്നതിനിടെ തീർത്ഥാടകനെ പൊലീസ് മർദിച്ചതായി പരാതി. അഞ്ചു തവണ അടിച്ചെന്നാണു പരാതി. പുറത്ത് അടിയേറ്റു ചുവന്ന പാടുണ്ട്. ബെംഗളൂരു മൈസൂരു റോഡ് ടോൾ ഗേറ്റ് കസ്തൂരി വൈ നഗറിൽ എസ്.രാജേഷിനാണ്(30) മർദനമേറ്റത്. ഇന്നലെ വൈകിട്ട് 4.30നും 5നും മധ്യേയാണു സംഭവം.

സന്നിധാനം ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ച രാജേഷ് പറയുന്നത് ഇങ്ങനെ: 'ബെംഗളൂരുവിൽനിന്ന് 22 അംഗ സംഘത്തോടൊപ്പമാണ് എത്തിയത്. സംഘാംഗമായ മുരളിയുടെ മകൻ 6 വയസ്സുകാരനെ പിടിച്ചുകൊണ്ടാണു പതിനെട്ടാംപടി ചവിട്ടിയത്. കുട്ടി ഉള്ളതിനാൽ വേഗം കുറവായിരുന്നു. നാലാമത്തെ പടി എത്തിയപ്പോൾ പൊലീസുകാരൻ പുറത്തു കൈകൊണ്ട് ആഞ്ഞടിച്ചു. നിലവിളിച്ചു കുഞ്ഞിനെ വലിച്ചു കയറ്റാൻ ശ്രമിക്കുന്നതിനിടെ 4 തവണ കൂടി അടികിട്ടി. പൊലീസ് ഉദ്യോഗസ്ഥന്റെ നഖത്തിന്റെ പാടും പുറത്തുണ്ട്'.

സംഭവം വിവാദമായതോടെ ദേവസ്വം ബോർഡ് അംഗം എ.അജികുമാർ സന്നിധാനം പൊലീസ് സ്‌പെഷൽ ഓഫിസർ ആർ.ആനന്ദിനെ നേരിട്ടുകണ്ടു. അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടു. ഡിവൈഎസ്‌പി അന്വേഷിക്കുമെന്നു പൊലീസ് സ്‌പെഷൽ ഓഫിസർ ദേവസ്വം ബോർഡിന് ഉറപ്പുനൽകി. മന്ത്രി കെ.രാധാകൃഷ്ണനും സംഭവത്തിൽ ഇടപെട്ടു. ശബരിമല എഡിഎം സൂരജ് ഷാജിയെ മന്ത്രി ഫോണിൽ വിളിച്ചു വിവരങ്ങൾ അന്വേഷിച്ചു.