- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തെരുവിൽ ഭിക്ഷ യാചിച്ച് സമരവുമായി നൂറിലധികം ആശാ പ്രവർത്തകർ
ഇടുക്കി: ഓണറേറിയവും ഇൻസെന്റിവൂം മൂന്ന് മാസമായി ലഭിക്കാതെ വന്നതോടെ മൂവാറ്റുപുഴയിൽ 'മറിയക്കുട്ടി മോഡൽ' പ്രതിഷേധ സമരവുമായി ആശാ പ്രവർത്തകർ. തെരുവിൽ ഭിക്ഷ യാചിച്ചുകൊണ്ടുള്ള സമരവുമായാണ് മൂവാറ്റുപുഴ താലൂക്കിലെ ആശാ പ്രവർത്തകർ പ്രതിഷേധിക്കുന്നത്. സർക്കാർ അവഗണനയിൽ പ്രതിഷേധിച്ചാണ് തെരുവിൽ ഭിക്ഷയെടുത്ത് പ്രതീകാത്മക സമരം
മൂന്നുമാസമായി ഓണറേറിയവും ഇൻസെന്റിവൂം ലഭിക്കുന്നില്ലെന്നും ആത്മഹത്യയുടെ വക്കിലാണെന്നും ആശാ പ്രവർത്തകർ പറഞ്ഞു. ക്രിസ്തുമസിന് പോലും സഹായം ലഭിച്ചില്ല. ജോലി ചെയ്തതിന് ശമ്പളം തരാൻ സർക്കാർ തയ്യാറാകണമെന്നും മുൻകൂറായി ശമ്പളം നൽകണമെന്നും ഇവർ ആവശ്യപ്പെട്ടു. പ്ലക്കാർഡുകളേന്തിയുള്ള പ്രതിഷേധത്തിനൊപ്പമാണ് ബക്കറ്റ് പിരിവുമായി ആശാ പ്രവർത്തകർ രംഗത്തെത്തിയത്.
വഴിയാത്രക്കാരിൽനിന്നും വാഹന യാത്രക്കാരിൽനിന്നും സംഭാവന തേടിയാണ് സമരം ചെയ്യുന്നത്. നൂറിലധികം ആശാ പ്രവർത്തകരാണ് വേറിട്ട സമരവുമായി തെരുവിലിറങ്ങിയത്. സർക്കാർ നടപടിയുണ്ടായില്ലെങ്കിൽ ശക്തമായ തുടർ സമരവുമായി മുന്നോട്ടുപോകാനാണ് ആശാ പ്രവർത്തകരുടെ തീരുമാനം. പ്രതിഷേധിച്ചാൽ മാത്രമാണ് തുക ലഭിക്കുന്നതെന്നും മരണം വരെയും സമരം ചെയ്യാനാണ് തീരുമാനമെന്നും കണ്ണീരോടെ ആശാ പ്രവർത്തകർ പറഞ്ഞു.
ആശാ പ്രവർത്തകരുടെ ആവശ്യം ന്യായമാണെന്നും ജോലി ചെയ്തതിന് ശമ്പളം നൽകണമെന്നുമാണ് പ്രതിഷേധക്കാർക്ക് അനുകൂലമായി നാട്ടുകാരുടെ പ്രതികരണം. പെൻഷൻ മുടുങ്ങിയതിനെതുടർന്ന് പിച്ചച്ചട്ടിയുമായി തെരുവിൽ ഭിക്ഷയാചിച്ചുകൊണ്ട് മറിയക്കുട്ടി സമരം ചെയ്തത് നേരത്തെ ചർച്ചയായിരുന്നു.
മാസപ്പടിയിൽ നിന്നല്ല ജനങ്ങളുടെ നികുതിയിൽ നിന്നാണ് പെൻഷൻ ചോദിക്കുന്നതെന്ന് ക്ഷേമ പെൻഷൻ മുടങ്ങിയതിനെതിരെ പ്രതിഷേധിച്ച മറിയക്കുട്ടി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. സമരത്തിന് പിന്നാലെ കോൺഗ്രസിന്റെയും ബിജെപിയുടെയും പരിപാടിയിൽ പങ്കെടുത്ത മറിയക്കുട്ടിയ്ക്കെതിരെ സിപിഎം വിമർശനം ഉന്നയിച്ചിരുന്നു.
എന്നാൽ, പിണറായി വിജയന്റേതല്ലാതെ അല്ലാത്ത എല്ലാ പാർട്ടികളുടെയും പരിപാടികളിലും പങ്കെടുക്കുമെന്നാണ് മറിയക്കുട്ടിയുടെ പ്രതികരണം. ഇക്കാര്യം ആദ്യം മുതൽ തന്നെ പറഞ്ഞിരുന്നുവെന്ന് മറിയക്കുട്ടി പറഞ്ഞു. കോൺഗ്രസ് വിളിച്ചാലും ബിജെപി വിളിച്ചാലും മുസ്ലിംലീഗ് വിളിച്ചാലും പോകുമെന്നും മറിയക്കുട്ടി വിശദീകരിച്ചിരുന്നു.



