ബെംഗളുരു: വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കുകയും ലക്ഷങ്ങൾ തട്ടിയെടുക്കുകയും ചെയ്ത ആൺസുഹൃത്തിന്റെ വിവാഹ ദിനത്തിൽ പൊലീസുമായി മൈസൂർ സ്വദേശിയായ യുവതി എത്തിയതോടെ നാടകീയ സംഭവങ്ങൾ. കർണാടകയിലെ ഉള്ളാൾ പൊലീസ് സ്റ്റേഷൻ പരിധിയിലെ കോട്ടേക്കാർ ബീരിലാണ് സംഭവം.

കോഴിക്കോട് സ്വദേശിയായ ആൺ സുഹൃത്തിന്റെ വിവാഹ വേദിയിലേക്കാണ് മൈസൂർ സ്വദേശിയായ യുവതി പൊലീസുമായി എത്തിയത്. യുവതി എത്തുമെന്ന് അറിഞ്ഞ യുവാവ് മുഹൂർത്തത്തിന് മുമ്പേ മംഗളുരു സ്വദേശിനിയെ താലി ചാർത്തി സ്ഥലത്തുനിന്നും മുങ്ങുകയായിരുന്നു.

കോഴിക്കോട് പന്തീരങ്കാവിലെ ഫ്ളാറ്റിൽ വെച്ച് വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്നും 19 ലക്ഷം രൂപ തട്ടിയെടുത്തെന്നും കാണിച്ച് യുവതി പന്തീരങ്കാവ് പൊലീസിൽ പരാതി നൽകിയിരുന്നു. പണം ആവശ്യപ്പെട്ടപ്പോൾ നഗ്ന വീഡിയോ കാണിച്ച് ഭീഷണിപ്പെടുത്തിയെന്നും യുവതി നൽകിയ പരാതിയിലുണ്ട്. ഈ പരാതിയിൽ പന്തീരങ്കാവ് പൊലീസ് അന്വേഷണം നടത്തുന്നുണ്ട്.

ഇതിനിടെയാണ് യുവാവ് വിവാഹിതനാവുന്നു എന്നറിഞ്ഞ് യുവതി പൊലീസുമായി വിവാഹ വേദിയിലേക്ക് എത്തിയത്. പീഡന പരാതിയിൽ അന്വേഷണം നടക്കുന്ന സാഹചര്യത്തിൽ വിവാഹം തടയണമെന്നായിരുന്നു യുവതിയുടെ ആവശ്യം. എന്നാൽ, യുവതി എത്തിയപ്പോഴേക്കും കോഴിക്കോട് സ്വദേശി താലിചാർത്തി മടങ്ങിയതിനാൽ യുവതിയും മൈസൂർ പൊലീസിന്റെ സംഘവും തിരിച്ചപോയി.