- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാനനപാതയിൽ കുട്ടികളടക്കമുള്ള ഒമ്പതംഗ കുടുംബം സഞ്ചരിച്ച വാഹനം കേടായി; സഹായവുമായി ട്രാഫിക് പൊലീസ് സംഘം
സുൽത്താൻ ബത്തേരി: കാനനപാതയിൽ കുട്ടികളടക്കമുള്ള ഒമ്പതംഗ കുടുംബം സഞ്ചരിച്ച വാഹനം അർധരാത്രി കേടായി കുടുങ്ങി. തലശ്ശേരി സ്വദേശിയായ നംഷിലും കുടുംബവുമാണ് ഊട്ടിയിൽ പോയി തിരിച്ചുവരുന്നതിനിടെ കാനന പാതയിൽ കുടുങ്ങിയത്. കടുവയും കാട്ടാനയുമുൾപ്പെടെ വന്യമൃഗങ്ങൾ വിഹരിക്കുന്ന വനപാതയിലാണ് വാഹനം കേടായത്.
ബത്തേരി-ഊട്ടി അന്തർസംസ്ഥാനപാതയിലെ വനമേഖലയിലൂടെ കടന്നുപോകുന്ന മുണ്ടക്കൊല്ലി ഭാഗത്ത് രാത്രി ഒരു മണിയോടെയായിരുന്നു സംഭവം. ഒടുവിൽ, പട്രോളിംഗിന്റെ ഭാഗമായി സ്ഥലത്തെത്തിയ ബത്തേരി സ്റ്റേഷനിലെ ട്രാഫിക് പൊലീസ് സംഘമാണ് കുടുംബത്തിന് തുണയായത്.
അതുവഴി കടന്നുപോയ പലരോടും കുടുംബം സഹായം അഭ്യഥിച്ചെങ്കിലും വന്യമൃഗങ്ങളെ ഭയന്ന് ആരും വണ്ടി നിർത്തിയിരുന്നില്ല. നിരവധി തവണ കാട്ടാനയും മറ്റും വാഹനത്തിന് സമീപത്തുകൂടെ കടന്നുപോയതോടെ ഭയന്നുവിറച്ച കുടുംബം കാറിൽ തന്നെ കഴിഞ്ഞു. ഇതിനുപിന്നാലെയാണ് ട്രാഫിക് പൊലീസ് വാഹനം സ്ഥലത്തെത്തിയത്.
വാഹനം കേടായതും മറ്റുവാഹനങ്ങൾ നിർത്താതെ പോയതും അറിഞ്ഞതോടെ പൊലീസ് വാഹനത്തിൽ സുരക്ഷിത സ്ഥാനത്ത് എത്തിക്കാമെന്ന് അറിയിച്ചെങ്കിലും വാഹനം വഴിയിൽ ഇട്ട് പോകാനുള്ള പ്രയാസം കുടുംബം ചൂണ്ടിക്കാണിച്ചു. ഇതോടെ നീണ്ട രണ്ട് മണിക്കൂർ നേരത്തെ പരിശ്രമത്തിനൊടുവിൽ ട്രാഫിക് പൊലീസുകാർ വാഹനം നന്നാക്കിക്കൊടുത്തു. പൊലീസ് വാഹനത്തിന്റെ ലൈറ്റുകളെല്ലാം തെളിച്ച് വന്യമൃഗങ്ങൾ വരുന്നുണ്ടോയെന്ന് നിരീക്ഷിച്ചാണ് വാഹനം നന്നാക്കിയത്.
ഇതോടെ കുടുംബം ആശ്വാസത്തോടെ നാട്ടിലേക്ക് യാത്ര തിരിച്ചു. കാനന പാതയിൽ രക്ഷകരായ പൊലീസിന് നന്ദി അറിയിച്ച് നംഷിലിന്റെ കുടുംബമാണ് വിവരം പുറത്തുവിട്ടത്. എസ്ഐ പി.ആർ. വിജയൻ, ഡ്രൈവർ എസ്പി.ഒ സുരേഷ് കുമാർ, സി.പി.ഒ നിജോ എന്നിവരാണ് പൊലീസ് സംഘത്തിലുണ്ടായിരുന്നത്.
മറുനാടന് മലയാളി ബ്യൂറോ