- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തമ്മിലടിച്ച് വിദ്യാർത്ഥികൾ; സംഘട്ടനത്തിനിടയിൽ ഓടിയ ഒരാൾ കിണറ്റിൽ വീണു
തളിപ്പറമ്പ്: സ്‌കൂൾ കഴിഞ്ഞ് മടങ്ങവെ വിദ്യാർത്ഥികൾ തമ്മിലുണ്ടായ സംഘട്ടനത്തിനിടയിൽ പൊലീസ് വന്നതോടെ ഓടിയ വിദ്യാർത്ഥി നഗരത്തിലെ കെട്ടിടത്തിനകത്തെ കിണറ്റിൽ വീണു. രജിസ്ട്രാർ ഓഫിസിന് പിന്നിലെ കെട്ടിടത്തിലെ ആൾമറയില്ലാത്ത കിണറ്റിലാണ് വിദ്യാർത്ഥി വീണത്. സമീപത്തെ ടെയ്ലറിങ് കടയിലെ ജീവനക്കാരി കണ്ടതിനാൽ വ്യാപാരികൾ ചേർന്ന് കുട്ടിയെ ഉടൻ തന്നെ രക്ഷപ്പെടുത്താനായി.
16 വയസ്സുകാരനായ വിദ്യാർത്ഥിയാണ് കിണറ്റിൽ വീണത്. കുട്ടി പരുക്കേൽക്കാതെ രക്ഷപ്പെട്ടു. പൊലീസ് വരുന്നത് കണ്ട് വിദ്യാർത്ഥികൾ ഓടിയതോടെയാണ് അപകടം ഉണ്ടായത്. ഇന്നലെ 4.30 ഓടെ നഗരത്തിന് പുറത്തുള്ള വിദ്യാലയത്തിലെ ഹൈസ്‌കൂൾ വിദ്യാർത്ഥികൾ തമ്മിലാണു പൊലീസ് സ്റ്റേഷന് മുൻപിലുള്ള ഉണ്ടപ്പറമ്പ് മൈതാനത്ത് സംഘർഷമുണ്ടായത്. പൊലീസ് വരുന്നത് കണ്ട് വിദ്യാർത്ഥികൾ മാർക്കറ്റ് വഴി ടൗണിലേക്ക് ഓടി. ടൗണിൽ അദ്ധ്യാപകരെ കണ്ടതിനാൽ,
ചില വിദ്യാർത്ഥികൾ രജിസ്റ്റ്രാർ ഓഫിസിന് പിന്നിലേക്ക് ഓടിയതായി പറയുന്നു. ഇതിൽ 3 പേർ ഇവിടെയുള്ള കെട്ടിടത്തിലെ ഇടുങ്ങിയ ശുചിമുറിയിലേക്ക് ഓടിക്കയറി. ടെയ്ലറിങ് സ്ഥാപനത്തിലെ ജീവനക്കാരി അവിടെ കിണറുണ്ട് പറഞ്ഞപ്പോഴേക്കും ഒരാൾ കിണറ്റിൽ വീണ് കഴിഞ്ഞിരുന്നു. സമീപത്തെ വ്യാപാരികളെത്തി കിണറ്റിൽനിന്നു വെള്ളം കോരുന്ന കയർ ഇട്ട് കൊടുത്ത് വിദ്യാർത്ഥിയെ രക്ഷപ്പെടുത്തി.
കിണറിലേക്കുള്ള വഴി പതിവായി പൂട്ടിയിടാറുണ്ടായിരുന്നു. കിണറിൽ സുരക്ഷയ്ക്കായി വച്ച കമ്പികൾ ദ്രവിച്ച നിലയിൽ. സുരക്ഷ ബലപ്പെടുത്താൻ നിർദ്ദേശം നൽകുമെന്ന് അഗ്‌നിരക്ഷാ കേന്ദ്രം അധികൃതർ പറഞ്ഞു.