കോട്ടയം: വീട്ടുജോലിക്കെത്തി 1.40 ലക്ഷം രൂപയും വീട്ടമ്മയുടെ മൂന്നുപവന്റെ സ്വർണമാലയും മോഷ്ടിച്ച് കടന്ന അതിഥി തൊഴിലാളിയെ പൊലീസ് റെയിൽവേ സ്‌റ്റേഷനിൽ നിന്നും പിടികൂടി. ഉത്തർപ്രദേശ് സ്വദേശിനിയായ ആതിഫാ ഖാട്ടൂണിനെയാണ് (അസിയാബാനു24) ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. വൃദ്ധയായ സ്ത്രീ മാത്രം വീട്ടിലുള്ള സമയത്ത് അലമാരയിൽ സൂക്ഷിച്ചിരുന്ന പണവും അമ്മയുടെ കഴുത്തിൽ കിടന്നിരുന്ന മൂന്നുപവൻ വരുന്ന സ്വർണമാലയും തട്ടിയെടുത്ത് രക്ഷപ്പെടുകയായിരുന്നു.

കൊല്ലാട് സെന്റ് പോൾസ് പള്ളിക്ക് സമീപമുള്ള മർച്ചന്റ് നേവി ഉദ്യോഗസ്ഥന്റെ വീട്ടിലാണ് മോഷണം നടന്നത്. നേവി ഉദ്യോഗസ്ഥന്റെ വീട്ടിൽ ഒരുമാസമായി ആതിഫാ ഖാട്ടൂൺ വീട്ടുജോലി ചെയ്തു വരികയായിരുന്നു. കഴിഞ്ഞദിവസം ഉദ്യോഗസ്ഥൻ അമ്മയെ തനിച്ചാക്കി ആശുപത്രിയിൽ പോയ സമയത്താണ് സംഭവം. റെയിൽവേ സ്റ്റേഷനിൽ നിന്ന് റെയിൽവേ പൊലീസിന്റെ സഹായത്തോടെയാണ് പിടികൂടിയത്.

എസ്എച്ച്ഒ യു.ശ്രീജിത്, എസ്‌ഐമാരായ ദിലീപ് കുമാർ, സന്ദീപ്, എംപി.സജി, ബിജുമോൻ നായർ, സിപിഒമാരായ പ്രതീഷ് രാജ്, യേശുദാസ്, അജിത്, വിബിൻ, അജേഷ്, ഗിരീഷ് കുമാർ, അനൂപ് വിശ്വനാഥ്, പുഷ്പകുമാരി എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്. കോടതി റിമാൻഡ് ചെയ്തു.