പാലക്കാട്: സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനെ വീടുകയറി അറസ്റ്റ് ചെയ്തതിൽ സംസ്ഥാന വ്യാപകമായി പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്. വിവിധ ഇടങ്ങളിൽ നടന്ന പ്രതിഷേധ പ്രകടനങ്ങളിൽ വനിതകൾ ഉൾപ്പെടെ നിരവധി പ്രവർത്തകരാണ് പങ്കെടുത്തത്. പലയിടത്തും പ്രവർത്തകരും പൊലീസും തമ്മിൽ ഏറ്റുമുട്ടി. മലപ്പുറത്തും കൊല്ലത്തും തൃശ്ശൂരിലും കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചു. പത്തനംതിട്ട അടൂരിൽ ആന്റോ ആന്റണി എംപി അടക്കമുള്ളവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.

പാലക്കാട് സൗത്ത് പൊലീസ് സ്റ്റേഷനിലേക്ക് മുദ്രാവാക്യം വിളിച്ച് പ്രകടനമായി എത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് തടഞ്ഞു. പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തുംതള്ളുമുണ്ടായതിനെ തുടർന്ന് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. സ്റ്റേഷനിലെത്തിച്ച ശേഷവും പ്രവർത്തകർ മുദ്രാവാക്യം വിളിച്ച് പ്രതിഷേധം തുടർന്നു. അറസ്റ്റ് ചെയ്ത ശേഷം പ്രവർത്തകരോട് പൊലീസ് അപമര്യാദമായി പെരുമാറിയെന്ന് യൂത്ത് കോൺഗ്രസ് ആരോപിച്ചു. പരാതി നൽകിയാൽ പരിശോധിച്ച് നടപടിയെടുക്കാം എന്ന് പാലക്കാട് സൗത്ത് പൊലീസ് ഉറപ്പുനൽകിയതിനെ തുടർന്നാണ് വാക്കുതർക്കം അവസാനിച്ചത്.

രാഹുൽ മാങ്കൂട്ടത്തിലിന്റെ ജില്ലയായ പത്തനംതിട്ടയിലെ അടൂരിലും യൂത്ത് കോൺഗ്രസ് പ്രതിഷേധ പ്രകടനം നടത്തി. ആന്റോ ആന്റണി എംപിയുടെ നേതൃത്വത്തിലായിരുന്നു അടൂരിലെ പ്രതിഷേധം. കൊല്ലം ജില്ലയിലെ ചന്ദനത്തോപ്പിലും കണ്ണൂരിലും പ്രതിഷേധമുണ്ടായി. കണ്ണൂരിൽ ദേശീയപാത ഉപരോധിച്ച പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തുനീക്കി. യൂത്ത് കോൺഗ്രസ് കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കമ്മിഷണർ ഓഫീസ് ഉപരോധിച്ചു. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ആർ. ഷഹിൻ, കെ.എസ്.യു ജില്ലാ പ്രസിഡന്റ് വി.ടി സൂരജ്, നാഷനൽ സ്റ്റുഡന്റ്സ് യൂണിയൻ ദേശീയ ജനറൽ സെക്രട്ടറി കെ.എം അഭിജിത്ത് എന്നിവരെ അറസ്റ്റ് ചെയ്ത് നീക്കി.

കന്റോൺമെന്റ് സ്റ്റേഷനിലെത്തിച്ച് രാഹുലിന്റെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം വൈദ്യപരിശോധനയ്ക്ക് എത്തിച്ചപ്പോൾ തിരുവനന്തപുരം ഫോർട്ട് ആശുപത്രിയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചു. പൊലീസ് വാഹനം തടഞ്ഞ പ്രവർത്തകരെ ബലം പ്രയോഗിച്ചാണ് നീക്കിയത്. രാഹുലിനെ വഞ്ചിയൂർ കോടതിയിൽ ഹാജരാക്കി. രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യപേക്ഷയിൽ ഉച്ചയ്ക്ക് ശേഷം കോടതി വിധി പറയും.

പത്തനംതിട്ടയിലും മലപ്പുറത്തും കൊല്ലത്തും തൃശ്ശൂരിലും കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചു. കൊല്ലം ചന്ദനത്തോപ്പിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ദേശീയപാത ഉപരോധിച്ചു. മലപ്പുറത്ത് പ്രതിഷേധക്കാർ മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു. ഇവിടെ ജില്ലാ പ്രസിഡന്റ് ഹാരിസ് മുതൂരിനെ അടക്കം പൊലീസ് കസ്റ്റഡിയിലെടുത്ത് നീക്കി. പ്രവർത്തകർ റോഡ് ഉപരോധം തുടരുകയാണ്.