തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനെ 14 ദിവസം ജയിലിൽഅടച്ചതുകൊണ്ട് മുഖ്യമന്ത്രിക്കെതിരായ സമരങ്ങൾ അവസാനിക്കാൻ പോകുന്നില്ലെന്ന് കോൺഗ്രസ് നേതാവ് പി.സി വിഷ്ണുനാഥ് എം.എൽഎ. ഭ്രാന്ത് പിടിച്ച ഭരണകൂടത്തിന്റെ നടപടികളാണ് ഇവിടെ കണ്ടതെന്നും അദ്ദേഹം പറഞ്ഞു.

'പച്ചക്കള്ളമാണ് സർക്കാർ കോടതിയിൽ പറഞ്ഞത്. എതിർ ശബ്ദങ്ങളെ നിശ്ശബ്ദരാക്കുന്ന കേന്ദ്രസർക്കാരും പിണറായി സർക്കാരും തമ്മിൽ എന്താണ് വ്യത്യാസം?' - വഞ്ചിയൂർ കോടതി പരിസരത്ത് മാധ്യമങ്ങളോട് സംസാരിക്കുകവെ അദ്ദേഹം ചോദിച്ചു.

സർക്കാർ പറയുന്നത് സമരക്കാരെ രാഹുൽ തടഞ്ഞില്ല എന്നാണ്. പുലർച്ചെ അറസ്റ്റ് ചെയ്തത് ക്രമസമാധാന പ്രശ്‌നം തടയുന്നതിനെന്നാണ്. ഇതിന് മുൻപ് ഒരു കള്ളക്കേസിൽ സർക്കാർ രാഹുലിനെ പ്രതിയാക്കിയ സാഹചര്യത്തിൽ രാഹുൽ നേരിട്ട് ഹാജരായതാണ്. അന്ന് ഒരു തരത്തിലുള്ള പ്രതിഷേധവും ഉണ്ടായിരുന്നില്ല.

രാവിലെ മുതൽ എന്തൊക്കെ പീഡനമാണ് രാഹുൽ അനുഭവിച്ചത്. വെളുപ്പിന് അറസ്റ്റ് ചെയ്യുന്നു, എ.ആർ ക്യാമ്പിൽ കൊണ്ടുപോകുന്നു. മാധ്യമങ്ങളോട് വിഷയം പറയുന്നില്ല.

ഈ നിലയിൽ ഭ്രാന്ത് പിടിച്ച ഭരണകൂടത്തിന്റെ നടപടികളാണ് ഇവിടെ കണ്ടത്. 14 ദിവസം രാഹുലിനെ ജയിലിൽ അടച്ചതുകൊണ്ട് പിണറായി വിജയനെതിരായ സമരങ്ങൾ ഒന്നുംതന്നെ അവസാനിക്കാൻ പോകുന്നില്ല. ഈ നിമിഷം മുതൽ പ്രതിഷേധം മുന്നോട്ട് പോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.