കോഴിക്കോട്: യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റും യു.ഡി.വൈ.എഫ് സംസ്ഥാന ചെയർമാനുമായ രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്തത് പ്രതിപക്ഷ യുവജന സംഘടനകളോടുള്ള പിണറായിയുടെ യുദ്ധപ്രഖ്യാപനമാണെന്ന് യൂത്ത് ലീഗ് സംസ്ഥാന ജന. സെക്രട്ടറി പി.കെ. ഫിറോസ്. നാടുനീളെ പരസ്യം ചെയ്ത് കോടികൾ മുടക്കി നടത്തിയ നവകേരള സദസ്സിനെ കേരള ജനത തിരസ്‌കരിച്ചതിന്റെ കലിപ്പ് തീർക്കുകയാണ് മുഖ്യമന്ത്രിയെന്നും ഫിറോസ് കുറ്റപ്പെടുത്തി.

യൂത്ത് കോൺഗ്രസ് സെക്രട്ടേറിയറ്റ് മാർച്ചിലെ സംഘർഷവുമായി ബന്ധപ്പെട്ട കേസിലാണ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ റിമാൻഡിലായത്. കേസിലെ നാലാം പ്രതിയാണ് രാഹുൽ. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനാണ് ഒന്നാം പ്രതി. ഷാഫി പറമ്പിൽ എംഎ‍ൽഎയും കണ്ടാലറിയാവുന്ന അഞ്ഞൂറോളം യൂത്ത് കോൺഗ്രസ് പ്രവർത്തകരും പ്രതികളാണ്. കേസിൽ അറസ്റ്റിലാകുന്ന ആദ്യ നേതാവാണ് രാഹുൽ.

അടൂർ മുണ്ടപ്പള്ളിയിലെ വീട്ടിൽനിന്ന് ചൊവ്വാഴ്ച രാവിലെ ഏഴിന് കസ്റ്റഡിയിൽ എടുത്ത രാഹുലിനെ 10.30ഓടെ തിരുവനന്തപുരം കന്റോൺമെന്റ് സ്‌റ്റേഷനിൽ എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. അടൂർ പൊലീസുമായി രാവിലെ എത്തിയ കന്റോൺമെന്റ് പൊലീസ് കേസ് ബോധ്യപ്പെടുത്തി തിരുവനന്തപുരത്തേക്ക് കൂടെ വരാൻ ആവശ്യപ്പെടുകയായിരുന്നു.

നവകേരള സദസ്സിനിടെ ഡിവൈഎഫ്ഐ പ്രവർത്തകരും മുഖ്യമന്ത്രിയുടെ ഗൺമാനും ചേർന്ന് കെ.എസ്.യു- യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ആക്രമിച്ചതിൽ പ്രതിഷേധിച്ചായിരുന്നു സെക്രട്ടേറിയറ്റ് മാർച്ച്. മാർച്ച് സംഘർഷത്തിൽ കലാശിച്ചിരുന്നു.