കോഴിക്കോട്: നന്തിയിൽ കഴിഞ്ഞ ദിവസം മത്സ്യബന്ധനത്തിനിടെ കടലിൽ കാണാതായ മത്സ്യത്തൊഴിലാളിയെ കണ്ടെത്താനായില്ല. കടലൂർ സ്വദേശി പീടിക വളപ്പിൽ റസാഖ് (50)നെയാണ് കാണാതായത്. കൂടെയുണ്ടായിരുന്ന തട്ടാൻ കണ്ടി അഷ്റഫ് നീന്തി രക്ഷപ്പെട്ടു. വളയിൽ കടപ്പുറത്ത് നിന്ന് മത്സ്യബന്ധനത്തിന് പോയ ഫൈബർ വള്ളം കനത്ത മഴയിലും ഇടിമിന്നലിലും തകരുകയായിരുന്നു.

അതേസമയം സംഭവസ്ഥലത്തെത്തിയ എം എൽ എ കാനത്തിൽ ജമീലയോട് ജനങ്ങൾ പ്രതിഷേധം അറിയിച്ചു. പ്രദേശത്തെ മുഴുവൻ വള്ളങ്ങളും തിരച്ചിലാരംഭിച്ചെങ്കിലും, കോസ്റ്റ് ഗാർഡിന്റെ യാതൊരു സഹായവും ലഭിച്ചില്ലന്ന കാരണത്താൽ നാട്ടുകാർ ദേശീയപാത ഉപരോധിച്ചിരുന്നു.

തഹസിൽദാർ സ്ഥലത്തെത്തി ഒരു മണിക്കൂറിനകം മറൈൻ എൻഫോഴ്സ്മെന്റും, കോസ്റ്റ് ഗാർഡും തിരച്ചിലിൽ പങ്കുചേരുമെന്നറിയിച്ചതോടെ ഉപരോധം പിൻവലിക്കുകയായിരുന്നു. കോസ്റ്റ്ഗാർഡിന്റെ ഒരു ഹെലികോപ്റ്ററും മൂന്ന് ബോട്ടുകളും തിരച്ചിലിനായി എത്തിയിട്ടുണ്ട്.