കാസർകോട്: 'പത്തനംതിട്ട മജിസ്‌ട്രേട്ട്' ചമഞ്ഞ് പൊലീസിനെ മണിക്കൂറുകളോളം വട്ടംകറക്കിയ യുവാവ് അറസ്റ്റിൽ. തിരുവനന്തപുരം പട്ടത്തിൽമുറി ഭൂദാന കോളനിയിലെ ഷിജില മൻസിലിലെ എസ്.ഷംനാദാണ് (43) പൊലീസിന്റെ വലയിലായത്. തിരുവനന്തപുരം ജില്ലയിൽ നിരവധി കേസുകളിലെ പ്രതിയാണ് ഇയാൾ. ഇയാളുടെ കൈയിലെ ബാഗിൽ ഇ.ഡിയുടെ അന്വേഷണം നേരിടുന്നതായി സൂചിപ്പിക്കുന്ന ചില രേഖകൾ പൊലീസ് കണ്ടെത്തി.

ഇയാളുടെ അക്കൗണ്ട് വഴി 925 കോടി രൂപയുടെ ഇടപാട് നടന്നിട്ടുണ്ടെന്നും നിലവിൽ 387 കോടി ബാങ്കുകളിൽ ഉണ്ടെന്നുമുള്ള രേഖകളും ബാഗിലുണ്ടായിരുന്നു. എന്നാൽ, ഇതെല്ലാം ഷംനാദ് വ്യാജമായി തയാറാക്കിയതാണെന്നു പൊലീസ് കരുതുന്നു. തിരുവനന്തപുരം ജില്ലയിലെ 5 സ്റ്റേഷനിലായി 9 കേസുകൾ ഷംനാദിന്റെ പേരിലുണ്ടെന്നാണു വിവരം.

ആയുധം കൈവശം വയ്ക്കൽ, തട്ടിപ്പ്, ക്രെഡിറ്റ് കാർഡ് തട്ടിപ്പ് തുടങ്ങിയ കേസുകളാണു കൂടുതലും. പണം ഇരട്ടിപ്പിച്ചു നൽകാമെന്നു പറഞ്ഞ് പലരിൽ നിന്നും വലിയ തുകകൾ ഇയാൾ തട്ടിയിട്ടുണ്ടെന്നും വ്യക്തമായി. ഇതോടെ കേസെടുത്ത് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.