മട്ടന്നൂർ: കണ്ണൂർ വിമാനത്താവളത്തിൽ മൂന്ന് യാത്രക്കാരിൽനിന്നായി 1.36 കോടി രൂപയുടെ സ്വർണം പിടിച്ചു. കസ്റ്റംസും ഡി.ആർ.ഐയും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ബിസ്‌ക്കറ്റാക്കിയും പേസ്റ്റ് രൂപത്തിലും സ്വർണ മിശ്രിതമായും കടത്താൻ ശ്രമിച്ച 2164 ഗ്രാം സ്വർണം പിടിച്ചത്.

ചൊവ്വാഴ്ച പുലർച്ചെ ദോഹയിൽനിന്ന് എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെത്തിയ കൊയിലാണ്ടി സ്വദേശി ഗിരീഷിൽനിന്ന് 75 ലക്ഷം രൂപ വിലവരുന്ന സ്വർണമാണ് പിടികൂടിയത്. 1200 ഗ്രാം വരുന്ന സ്വർണ ബിസ്‌ക്കറ്റുകളാണ് ഇദ്ദേഹത്തിൽ നിന്നും പിടികൂടിയത്. സ്വർണ ബിസ്‌കറ്റുകൾ ട്രോളിബാഗിന്റെ പിടിയിലും മറ്റും ഒളിപ്പിച്ച നിലയിലായിരുന്നു.

ദുബായിൽനിന്ന് എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെത്തിയ വയനാട് സ്വദേശി സിയാദിൽനിന്ന് 43 ലക്ഷം രൂപയുടെ 679 ഗ്രാം സ്വർണമാണ് പിടിച്ചത്. സ്വർണമിശ്രിതം ഷൂസിനുള്ളിൽ ഒളിപ്പിച്ചാണ് കടത്താൻ ശ്രമിച്ചത്.

ഷാർജയിൽനിന്നെത്തിയ കോഴിക്കോട് കല്ലാച്ചി സ്വദേശി മുഹമ്മദലിയിൽനിന്ന് 18 ലക്ഷം രൂപ വരുന്ന 285 ഗ്രാം സ്വർണം പിടിച്ചു. പേസ്റ്റ് രൂപത്തിലുള്ള സ്വർണം ജീൻസ് പാന്റ്സിന്റെ ഉൾഭാഗത്ത് തേച്ചുപിടിപ്പിച്ച നിലയിലായിരുന്നു.

കസ്റ്റംസ് അസി.കമ്മിഷണർ പി.സി. ചാക്കോ, സൂപ്രണ്ടുമാരായ സൂരജ്കുമാർ, ദീപക് കുമാർ, എസ്. പ്രണയ്, ഇൻസ്പെക്ടർമാരായ സജിതാ ജെന്നി, രവി രഞ്ജൻ, നിതേഷ്, ഹവിൽദാർ പെർത്തമ്പരൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.