വിതുര: വിതുരയിൽ നിന്നും കഴിഞ്ഞ ദിവസം കാണാതായ യുവതിയെ വനത്തിനോടു ചേർന്ന ആളൊഴിഞ്ഞ വീട്ടിൽ കൊലപ്പെട്ട നിലയിൽ കണ്ടെത്തി. വിതുര മണലി ചെമ്പിക്കുന്ന് അബി ഭവനിൽ സുനില(22)യുടെ മൃതദേഹമാണ് കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയത്. കൊലപാതകം നടത്തിയെന്നു സംശയിക്കുന്ന സുഹൃത്ത് അച്ചു(24)വിനെ പാലോട് പനയമുട്ടത്തുനിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തു.

ചൊവ്വാഴ്ച വൈകീട്ടോടെ സമീപത്തെ ഊരായ കല്ലംകുടി - ഊറാംമൂട് പ്രദേശത്തെ ആളൊഴിഞ്ഞ കെട്ടിടത്തിലായിരുന്നു മൃതദേഹം. സുനില കൊല്ലപ്പെട്ടതാണെന്നാണു സംശയം. കൂട്ടുകാരിക്കൊപ്പം മെഡിക്കൽ കോളേജിൽ പോകുന്നുവെന്നു പറഞ്ഞാണ് സുനില തിങ്കളാഴ്ച പുലർച്ചെയോടെ വീട്ടിൽനിന്നും ഇറങ്ങിയത്. എന്നാൽ വൈകീട്ടായിട്ടും മടങ്ങിവന്നില്ല. തുടർന്ന് സുനിലയുടെ മാതാപിതാക്കളും ഭർത്താവ് സിബിയും പൊലീസിൽ പരാതി നൽകി.
അന്വേഷണം നടക്കുന്നതിനിടെയാണ് മൃതദേഹം കല്ലൻകുടിയിലെ വീട്ടിൽനിന്നു കണ്ടെത്തിയത്. സുനിലയ്ക്ക് മൂന്നു വയസ്സുള്‌ല മകനുണ്ട്.

ഇതിനിടെ, പനയമുട്ടത്തുെവച്ച് സംശയാസ്പദമായ രീതിയിൽ കണ്ട അച്ചുവിനെ പാലോട് പൊലീസ് ചോദ്യംചെയ്തതിൽനിന്നാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. ഇരുവരും നേരത്തേ അടുപ്പത്തിലായിരുന്നുവെന്നും ഒരുമിച്ചു ജീവിക്കാൻ കഴിയാത്തതിനാൽ മരിക്കാൻ തീരുമാനിച്ചതായും സുനിലയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്യാനാണ് തീരുമാനിച്ചതെന്നും അച്ചു പൊലീസിനോടു പറഞ്ഞു. ഇയാളെ വിതുര പൊലീസിനു കൈമാറി.