ഏറ്റുമാനൂർ: ഓടിക്കൊണ്ടിരുന്ന സ്വകാര്യബസിൽനിന്ന് വീട്ടമ്മ തെറിച്ചുവീണു. രണ്ടുമൂന്നുതവണ റോഡിൽ ഉരുണ്ട് മറിഞ്ഞെങ്കിലും സാരമായ പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. പരിക്കേറ്റ മാന്നാനം സ്വദേശി കൊച്ചുറാണി കോട്ടയം മെഡിക്കൽകോളേജ് ആശുപത്രിയിൽ ചികിത്സതേടി. ഇവരുടെ മുഖത്താണ് പരിക്കുള്ളത്.

മാന്നാനം-മെഡിക്കൽ കോളേജ് റോഡിൽ ചൊവ്വാഴ്ച രാവിലെയാണ് സംഭവം. ബസിന്റെ വാതിലിനു സമീപമാണ് കൊച്ചുറാണി നിന്നിരുന്നത്. ഇതിനിടയിൽ വാതിൽ തുറന്നുപോവുകയും ഇവർ റോഡിലേക്കുവീഴുകയുമായിരുന്നു. പിന്നാലെ ഒട്ടേറെ വാഹനങ്ങളുണ്ടായിരുന്നെങ്കിലും ഇടിച്ചില്ല. രണ്ടുമൂന്നുതവണ റോഡിൽ ഉരുളുകയുംചെയ്‌തെങ്കിലും സാരമായ പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.

കുറച്ചുദൂരം മാറ്റിനിർത്തിയ ബസിൽനിന്ന് യാത്രക്കാർ ഓടിയെത്തി. പിന്നാലെ വന്ന ഒരു വാഹനത്തിൽകയറ്റി കൊച്ചുറാണിയെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. കൊച്ചുറാണി ബസിൽനിന്ന് റോഡിലേക്ക് വീഴുന്ന ദൃശ്യങ്ങൾ സമീപത്തെ സി.സി.ടി.വി.യിൽനിന്ന് ലഭിച്ചിട്ടുണ്ട്.