കോഴിക്കോട്: താമരശ്ശേരിയിൽ സ്‌കൂട്ടറും ബസും കൂട്ടിയിടിച്ച് അപകടം. സ്‌കൂട്ടർ യാത്രികരായ വിദ്യാർത്ഥിനികൾക്ക് ഗുരുതരമായി പരിക്കേറ്റു. താമരശ്ശേരി മാനിപുരം റോഡിൽ പൊയിലങ്ങാടിയിലാണ് അപകടമുണ്ടായത്. കെഎംസിടി കോളേജിലെ വിദ്യാർത്ഥിനികളായ കോരങ്ങാട് സ്വദേശിനിക്കും പൂനൂർ സ്വദേശിനിക്കുമാണ് പരിക്കേറ്റത്.

സ്‌കൂട്ടറിനെ മറികടക്കാൻ ശ്രമിക്കവെയായിരുന്നു അപകടം. സ്‌കൂട്ടർ മറിഞ്ഞ് റോഡിലേക്ക് വീണുവെന്നും വിദ്യാർത്ഥിനികളിൽ ഒരാളെ ബസിനടിയിൽ നിന്നാണ് പുറത്തെടുത്തതെന്നും പ്രദേശവാസികൾ പറയുന്നു. ഇരുവരെയും ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നാലെ ഗുരുതരമായി പരിക്കേറ്റ വിദ്യാർത്ഥിനിയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.