കൊച്ചി: വിൽപ്പനയ്ക്കായെത്തിച്ച ഡപ്പികളിൽ നിറച്ച ഹെറോയിനുമായി ഇതരസംസ്ഥാന തൊഴിലാളി കൊച്ചിയിൽ പിടിയിൽ. അസം സ്വദേശി അയ്ജുൽ ഹക്ക് (34) നെയാണ് പറവൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളിൽ നിന്നും പത്ത് ഡപ്പി ഹെറോയിൻ കണ്ടെടുത്തു. പറവൂർ മന്ദം ജാറപ്പടി ഭാഗത്തി നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്. പൊലീസിനെ കണ്ട് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പൊലീസ് പിന്തുടർന്ന് പിടികൂടുകയായിരുന്നു.

തദ്ദേശിയർക്കും അതിഥിത്തൊഴിലാളികൾക്കുമിടയിൽ രാത്രികാലങ്ങളിലാണ് ഇയാൾ കച്ചവടം നടത്തിയിരുന്നത്. ഒരുമിച്ച് വാങ്ങി ചെറിയ അളവുകളിലാക്കിയായിരുന്നു വിൽപന. പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു അയ്ജുൽ ഹക്ക്.

ഇൻസ്‌പെക്ടർ ഷോജോ വർഗീസ്, എസ്‌ഐമാരായ പ്രശാന്ത്.പി.നായർ, ഷാഹുൽ ഹമീദ്, സീനിയർ സി.പി.ഒ മാരായ ഷെറിൻ ആന്റണി, ടി.എ.അൻസാർ, കൃഷ്ണലാൽ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. മയക്കുമരുന്നിനെതിരെയുള്ള ഓപ്പറേഷൻ ക്ലീൻ എറണാകുളം റൂറലിന്റെ ഭാഗമായുള്ള പരിശോധനകൾ ജില്ലയിൽ തുടരുകയാണ്. ഇതിന്റെ ഭാഗമായി പറവൂർ മേഖലയിൽ നിന്ന് 1.84 കിലോഗ്രാം എം.ഡി.എം.എ, പതിമൂന്ന് കഞ്ചാവ് ചെടികൾ എന്നിവ പൊലീസ് പിടികൂടിയിരുന്നു