- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചെറുവത്തൂരിൽ പൂട്ടിയ മദ്യവിൽപ്പന ശാല തുറക്കാൻ 'ജനകീയ' സമരം
കാസർകോട്: കാസർകോട് ചെറുവത്തൂരിൽ ഒറ്റ ദിവസം മാത്രം പ്രവർത്തിച്ച ശേഷം പൂട്ടിയ മദ്യവിൽപ്പന ശാല തുറക്കണമെന്ന് ആവശ്യപ്പെട്ട് ജനകീയ പ്രതിഷേധ സമരം. കൺസ്യൂമർഫെഡ് മദ്യവിൽപ്പന ശാല പൂട്ടിയത് പ്രദേശത്തെ ബാറിന് വേണ്ടിയാണ് എന്ന് ആരോപിച്ചാണ് പ്രതിഷേധം. സിപിഎം നേതാവ് ഇടപെട്ടാണ് മദ്യവിൽപ്പന ശാല പൂട്ടിച്ചതെന്നാണ് ഉയരുന്ന ആരോപണം. മദ്യവിൽപ്പന ശാല തുറക്കണമെന്ന ആവശ്യത്തിൽ കഴിഞ്ഞ 20 ദിവസമായി സിഐടിയു കുത്തിയിരിപ്പ് സമരത്തിലാണ്.
കൺസ്യൂമർഫെഡ് മദ്യവിൽപ്പന ശാല തുറക്കണമെന്ന് ആവശ്യപ്പെട്ട് ചെറുവത്തൂർ ടൗണിൽ ജനകീയ കൂട്ടായ്മയുടെ ആഭിമുഖ്യത്തിലാണ് പ്രകടനം സംഘടിപ്പിച്ചത്. സിപിഎം പ്രവർത്തകരും ഓട്ടോ തൊഴിലാളികളും ഉൾപ്പടെയുള്ളവർ പങ്കെടുത്തു. നിയമാനുസൃതം തുറന്ന സ്ഥാപനം ഒരു പ്രതിഷേധവും ഇല്ലാതെ അടച്ച് പൂട്ടിയത് പ്രദേശത്തെ ബാറുടമയെ സഹായിക്കാനാണെന്നാണ് ആക്ഷേപം.
തുറന്ന ഒറ്റ ദിവസം ഒൻപത് ലക്ഷത്തിൽ അധികം വിറ്റുവരവുണ്ടായിട്ടും അടച്ച് പൂട്ടിയത് എന്തിനെന്ന് വ്യക്തമാക്കണമെന്നാണ് സിഐടിയു ചുമട്ട് തൊഴിലാളികൾ ആവശ്യപ്പെടുന്നത്. കഴിഞ്ഞ 20 ദിവസമായി പൂട്ടിയ മദ്യവിൽപ്പന ശാലയ്ക്ക് മുന്നിൽ കുത്തിയിരിപ്പ് സമരത്തിലാണിവർ. തൊഴിൽ സംരക്ഷിക്കണമെന്നാണ് ചുമട്ട് തൊഴിലാളികൾ ആവശ്യപ്പെടുന്നത്.
സമരത്തിന് പിന്തുണയുമായി സിപിഎം നേതൃത്വത്തെ ചോദ്യം ചെയ്യുന്ന ബാനറുകളും ഉയർന്നിട്ടുണ്ട്. സിപിഎം ശക്തികേന്ദ്രമായ ചെറുവത്തൂരിൽ സിഐടിയു തന്നെ പാർട്ടി നേതൃത്വത്തിനെതിരെ രംഗത്തെത്തിയത് പാർട്ടിയെ വെട്ടിലാക്കിയിരിക്കുകയാണ്. പ്രതിസന്ധി പരിഹരിക്കാൻ അടിന്തര ജില്ലാ സെക്രട്ടറയേറ്റ് ചേർന്നെങ്കിലും ഫലമുണ്ടായില്ല.