- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗുരുവായൂരിൽ നാലു വിവാഹങ്ങൾ മോദിയുടെ സാന്നിധ്യത്തിൽ
ഗുരുവായൂർ: ഗുരുവായൂരിൽ പ്രധാനമന്ത്രിയുടെ സാന്നിധ്യത്തിൽ നടക്കുന്നത് നാലു വിവാഹങ്ങൾ. സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിൽ പങ്കെടുക്കാനാണ് നരേന്ദ്ര മോദി ഗുരുവായൂർ ക്ഷേത്രത്തിലെത്തുന്നത് ഈ സമയത്ത് മോദിയുടെ സാന്നിധ്യത്തിൽ മറ്റു മൂന്നു വിവാഹങ്ങൾക്കൂടി നടക്കും. സുരേഷ് ഗോപിയുടെ മകളുടെ വിവാഹം നടക്കുന്ന സമയത്ത് മൂന്ന് മണ്ഡപങ്ങളിൽക്കൂടി താലികെട്ട് നടത്താൻ പൊലീസ് അനുമതി നൽകി.
കല്യാണമണ്ഡപങ്ങൾ ഒഴിച്ചിടേണ്ടതില്ലെന്ന തീരുമാനത്തിന് എല്ലാ വിഭാഗങ്ങളുടെയും പിന്തുണയുണ്ട്. എല്ലാ വധൂവരന്മാരും പൊലീസ് നൽകുന്ന തിരിച്ചറിയൽ കാർഡ് ധരിക്കേണ്ടതുണ്ട്. 17-ന് രാവിലെ 8.45-നാണ് മോദി വിവാഹച്ചടങ്ങിൽ പങ്കെടുക്കുക. അന്ന് 66 വിവാഹങ്ങൾ ശീട്ടാക്കിയിട്ടുണ്ട്. നിയന്ത്രണസമയമായ രാവിലെ ഏഴിനും ഒൻപതിനുമിടയിൽ 11 വിവാഹങ്ങളാണ് ശീട്ടാക്കിയിട്ടുള്ളത്. അതിൽ സുരേഷ് ഗോപിയുടെ മകൾ ഭാഗ്യയുടേത് ഉൾപ്പെടെ നാലു വിവാഹങ്ങളാണ് 8.45-ന് നടക്കുക. ആ സമയത്തെ വധൂവരന്മാരുടെ പേരുവിവരങ്ങളും അവരുടെ രേഖകളും പൊലീസ് ശേഖരിച്ചു.
രാവിലെ 8.10-നാണ് നരേന്ദ്ര മോദി ക്ഷേത്രദർശനത്തിനെത്തുക. അരമണിക്കൂർ ദർശനം കഴിഞ്ഞ് പുറത്തുകടക്കും. തുടർന്ന് വിവാഹത്തിൽ പങ്കെടുത്തയുടൻ കൊച്ചിയിലേക്ക് മടങ്ങും. അവിടെ പത്തിനുള്ള പൊതുപരിപാടിയിലാണ് പങ്കെടുക്കേണ്ടത്. സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി 17-നു മുൻപ് കൂടുതൽ ഉപകരണങ്ങൾ വാങ്ങിവയ്ക്കാൻ ദേവസ്വത്തിന് പൊലീസ് നിർദ്ദേശം. പൊലീസ് ആവശ്യപ്പെട്ട എല്ലാ പരിശോധനാ സാമഗ്രികളും വാങ്ങുന്നുണ്ടെന്ന് അഡ്മിനിസ്ട്രേറ്റർ കെ.പി. വിനയൻ പറഞ്ഞു. നാല് നടകളിലും ഡോർ മെറ്റൽ ഡിറ്റക്ടറുകൾ സ്ഥാപിക്കും.



