പുലാമന്തോൾ: പിറന്ന മണ്ണിൽ നിന്നും ജീവിത ദുരിതവും പേറി കേരളത്തിലെത്തിയ ബംഗാൾ സ്വദേശിയ മലയാള മണ്ണ് ലക്ഷാധിപതിയാക്കി. ബംഗാൾ മുർഷിദാബാദ് സ്വദേശി അശോക് മണ്ഡലാണ് (43) ഒറ്റ ദിവസം കൊണ്ട് ലക്ഷാധിപതിയായത്. വിൻവിൻ ലോട്ടറിയുടെ 75 ലക്ഷം രൂപ ഒന്നാംസമ്മാനമാണ് അശോകിന് ലഭിച്ചത്. സമ്മാന തുക കൈപ്പറ്റിയ അശോക് വിമാന മാർഗ്ഗം നാട്ടിലേക്ക് മടങ്ങി.

ലോട്ടറി അടിച്ച വിവരം മലയാളികളായ സുഹൃത്തുക്കൾ വഴിയാണ് അശോഖ് അറിഞ്ഞത്. ലക്ഷങ്ങൾ കിട്ടിയതറിഞ്ഞ് അത്യാഹ്ലാദത്തിലായെങ്കിലും വലിയ തുകയുടെ അവകാശിയായെന്ന ചിന്ത പതുക്കെ പരിഭ്രമത്തിന് വഴിമാറി. ഉടൻ തന്റെ മലയാളി സുഹൃത്തുക്കളെയുംകൂട്ടി നേരേ പെരിന്തൽമണ്ണ പൊലീസ്സ്റ്റേഷനിലെത്തി. ടിക്കറ്റ് നഗരത്തിലെ ബാങ്കിൽ പൊലീസ് സാന്നിധ്യത്തിൽ കൈമാറി.

ഭാര്യയുടെ അനിയത്തിയുടെ ഭർത്താവ് ദിലീപിനെയും കൂട്ടി രാത്രി വിമാനത്തിൽ കരിപ്പൂരിൽനിന്ന് നാട്ടിലേക്ക് തിരിച്ചു. എട്ടുവർഷത്തോളമായി കേരളത്തിൽ വിവിധ ജോലികളിൽ ഏർപ്പെട്ടുവരികയായിരുന്നു. നാലുവർഷമായി പുലാമന്തോൾ ബസ് സ്റ്റാൻഡിന് പിന്നിലുള്ള വിളയൂർ സ്വദേശി ഷൗക്കത്തലിയുടെ കെട്ടിടത്തിലാണ് താമസിക്കുന്നത്. യന്ത്രം ഉപയോഗിച്ച് കാടുവെട്ടുന്ന ജോലിയാണ് രണ്ടു വർഷമായി ചെയ്യുന്നത്.