- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വയറുവേദനമൂലം ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയെ ആശുപത്രിയിലെത്തിച്ചു; പതിന്നാലുകാരി പ്രസവിച്ചു; പോക്സോ കേസിൽ സ്കൂളിലെ സീനിയർ ആയ വിദ്യാർത്ഥിക്കെതിരെ അന്വേഷണം
ബെംഗളൂരു: വയറുവേദനയെ തുടർന്ന് മാതാപിതാക്കൾ ആശുപത്രിയിൽ എത്തിച്ച ഒൻപതാം ക്ലാസ് വിദ്യാർത്ഥിനി പ്രസവിച്ച സംഭവത്തിൽ അന്വേഷണം. പതിനാലുകാരിയായ പെൺകുട്ടി എട്ടുമാസം ഗർഭിണിയെന്ന് കണ്ടെത്തിയിരുന്നു. കർണാടകയിലെ ചിക്കബല്ലപുരയിലാണ് സംഭവം. സംസ്ഥാന സർക്കാരിന്റെ റസിഡൻഷ്യൽ സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയാണ് പെൺകുട്ടി.
ആശുപത്രിയിൽ പ്രവേശിപ്പിച്ച പെൺകുട്ടി, ജനുവരി ഒൻപതിന് ആൺകുഞ്ഞിന് ജന്മം നൽകി. ആശുപത്രി അധികൃതരാണ് പൊലീസിനെ വിവരം അറിയിച്ചത്. സംഭവത്തിൽ പോക്സോ വകുപ്പു പ്രകാരം കേസ് രജിസ്റ്റർ ചെയ്തതായി പൊലീസ് പറഞ്ഞു. തുമകുരു ജില്ലയിലെ റസിഡൻഷ്യൽ സ്കൂളിലായിരുന്നു കുട്ടി പഠിച്ചിരുന്നത്. ഹോസ്റ്റലിൽ ആയിരുന്നു താമസം.
ബാഗേപള്ളിയിലെ വീട്ടിലെത്തിയ പെൺകുട്ടി വയറുവേദനയാണെന്ന് പറഞ്ഞു. തുടർന്ന് മാതാപിതാക്കൾ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. സ്കാനിങ് നടത്തിയപ്പോഴാണ് കുട്ടി ഗർഭിണിയാണെന്ന് മനസ്സിലാകുന്നതെന്ന് പൊലീസ് അറിയിച്ചു. പെൺകുട്ടിക്ക് ഭാരക്കുറവുണ്ടെങ്കിലും കുഞ്ഞ് സുഖമായിരിക്കുന്നതായും പൊലീസ് കൂട്ടിച്ചേർത്തു.
ചൈൽഡ് വെൽഫയർ കമ്മിറ്റി നൽകിയ കൗൺസിലിങ്ങിൽ, സ്കൂളിലെ സീനിയർ ആയ വിദ്യാർത്ഥിയാണ് തന്നെ ഗർഭിണിയാക്കിയതെന്ന് പെൺകുട്ടി പറഞ്ഞു. എന്നാൽ, ചോദ്യംചെയ്യലിൽ ഇക്കാര്യം ആ ആൺകുട്ടി നിഷേധിച്ചു. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും എന്നാൽ ഇതുവരെ അറസ്റ്റുകൾ ഒന്നും ഉണ്ടായിട്ടില്ലെന്നും പൊലീസ് പറഞ്ഞു.
പെൺകുട്ടിയോ മാതാപിതാക്കളോ കൂടുതൽ കാര്യങ്ങൾ പറയാൻ തയ്യാറാകുന്നില്ലെന്നും ഇവരെ കൗൺസിലിങ്ങിന് വിധേയരാക്കിയെന്നും പൊലീസ് വൃത്തങ്ങൾ പറഞ്ഞു. പെൺകുട്ടി മൊഴികളിൽ ഉറച്ചുനിൽക്കുന്നില്ലെന്നും സ്കൂളിലെ സീനിയറായ മറ്റൊരു ആൺകുട്ടിയുടെ പേര് പറഞ്ഞെന്നും പൊലീസ് പറയുന്നു. അതേസമയം, വിഷയവുമായി ബന്ധപ്പെട്ട് തുമകുരു ജില്ലാ ഭരണകൂടം ഹോസ്റ്റൽ വാർഡനെ സസ്പെൻഡ് ചെയ്തിട്ടുണ്ട്.




