തിരുവനന്തപുരം: വാട്‌സാപ്പിനെതിരെ കോടതിയലക്ഷ്യ നടപടി. കോടതിയുടെ നിർദേശ പ്രകാരം വാട്‌സാപ്പിന്റെ രാജ്യത്തെ മേധാവിക്കെതിരെ പൊലീസ് നോട്ടിസ് നൽകി. വീട്ടമ്മയ്‌ക്കെതിരെ വാട്‌സാപ് വഴി അശ്ലീല പോസ്റ്റ് പ്രചരിപ്പിച്ചവരുടെ വിവരങ്ങൾ കോടതി ആവശ്യപ്പെട്ടിട്ടും നൽകാത്തതിനാൽ ആണ് വാട്‌സാപ്പിനെതിരെ കോടതിയലക്ഷ്യ നടപടിക്ക് നോട്ടീസ് അയച്ചത്.

രാജ്യത്തു തന്നെ വാട്‌സാപ്പിനെതിരെ ആദ്യമാണ് ഇത്തരത്തിലൊരു നിയമനടപടി. കിളിമാനൂരിലെ വീട്ടമ്മയുടെ പരാതിയിലാണ് സൈബർ പൊലീസ് സ്റ്റേഷനിൽ കേസെടുത്തത്. അശ്ലീല പരാമർശം ആദ്യം പോസ്റ്റ് ചെയ്തത് ആരാണെന്ന വിവരം പൊലീസ് വാട്‌സാപ്പിനോട് തേടി. അഡിഷനൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് കോടതിയുടെ ഉത്തരവോടു കൂടിയാണ് വിവരങ്ങൾ ആവശ്യപ്പെട്ടതെങ്കിലും വിവരങ്ങൾ കിട്ടില്ലെന്നും നൽകാനാകില്ലെന്നും വാട്‌സാപ് അറിയിച്ചു. എൻഡ് ടു എൻഡ് എൻക്രിപ്ഷൻ ഉള്ളതിനാൽ വിവരം നൽകില്ലെന്നായിരുന്നു മറുപടി. ഇതോടെയാണ് വാട്‌സാപ്പിനെതിരെ കോടതിയലക്ഷ്യ നടപടിയുമായി മുന്നോട്ട് പോകാൻ കോടതി തീരുമാനിച്ചത്.

കേന്ദ്രത്തിന്റെ പുതിയ ഐടി നയം പ്രകാരം, പോസ്റ്റ് ചെയ്തയാളുടെ വിവരം കൈമാറിയേ പറ്റൂ എന്നു വ്യക്തമാക്കി കോടതി മുഖാന്തരം തന്നെ പൊലീസ് നീക്കം നടത്തി. കോടതിയലക്ഷ്യ നടപടിയിൽ അറസ്റ്റ് ഉൾപ്പെടെ നടപടിയുണ്ടാകുമെന്ന് വാട്‌സാപ്പിന് അയച്ച നോട്ടിസിൽ പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. ഓൺലൈൻ സാമ്പത്തിക തട്ടിപ്പ് ഏറ്റവും കൂടുതൽ നടക്കുന്നത് ടെലിഗ്രാം ചാനൽ വഴിയാണെന്നും ഈ ചാനൽ ഇത്തരം വിവരങ്ങൾ തേടിയാൽ പ്രതികരിക്കാറില്ലെന്നും കേരള പൊലീസ് കേന്ദ്ര ആഭ്യന്തരവകുപ്പിന് റിപ്പോർട്ട് നൽകിയിരുന്നു. സമാനമായി മറ്റു സംസ്ഥാനങ്ങളും അറിയിച്ചതിനെ തുടർന്ന് ടെലിഗ്രാമിനെതിരെ ഐടി വകുപ്പിന്റെ നടപടിക്കു സാധ്യതയുണ്ടെന്ന് കേരള പൊലീസിനു മറുപടി ലഭിച്ചുവെന്ന് പൊലീസ് സൈബർ ഡിവിഷൻ ഉദ്യോഗസ്ഥർ പറയുന്നു.

കൊല്ലത്ത് ക്രിപ്‌റ്റോ കറൻസി തട്ടിപ്പിൽ ഒരു കോടിയോളം രൂപ നഷ്ടമായ കേസിൽ 30 ലക്ഷം രൂപ നഷ്ടപ്പെട്ടത് ബൈനാൻസ് എന്ന ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ച് വഴിയാണ്. ഈ പണം തിരികെ നൽകണമെന്ന് കേരള പൊലീസ് അറിയിച്ചിട്ടും അവർ പ്രതികരിച്ചില്ല. കേരള സൈബർ ഡിവിഷൻ ഇതു കേന്ദ്ര ആഭ്യന്തരവകുപ്പിനെ അറിയിച്ചിരുന്നു. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിലെ വ്യവസ്ഥകൾ പാലിക്കാത്തതിന്റെ പേരിൽ ബൈനാൻസ് , കുകോയിൻ , ഹുവോബി, ക്രാക്കൻ അടക്കം 9 വിദേശ ക്രിപ്‌റ്റോകറൻസി എക്‌സ്‌ചേഞ്ചുകൾ കേന്ദ്രം അടുത്തയിടെ വിലക്കിയിരുന്നു.