കൊല്ലം: മണ്ണുമാന്തി യന്ത്രം കൊണ്ട് പരിക്കേറ്റതിനെ തുടർന്ന് ജില്ലാ മൃഗാശുപത്രിയിൽ ശസ്ത്രക്രിയ പൂർത്തിയാക്കിയ മൂർഖൻ പാമ്പുകൾ സുഖം പ്രാപിക്കുന്നു. പാമ്പുകളിലൊന്നിന്റെ നില ഗുരുതരമായിരുന്നെങ്കിലും കൃത്യമായ പരിചരണത്തിലൂടെ ജീവിതത്തിലേക്ക് തിരികെ കയറുക ആയിരുന്നു. രണ്ടാഴ്ചമുൻപ് പുത്തൂരിൽ മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് പറമ്പ് വൃത്തിയാക്കുന്നതിനിടയിലാണ് ഇണകളായ ആറടിയിലേറെ നീളമുള്ള രണ്ടു മൂർഖന്മാർക്കാണ് യന്ത്രക്കൈയുടെ പല്ലുകൊണ്ട് മുറിവേറ്റത്.

പാമ്പുകളിലൊന്നിന്റെ നില ഗുരുതരമായിരുന്നു. ആഴത്തിൽ മുറിവേറ്റ് കുടലും ആന്തരികാവയവങ്ങളും പുറത്തുവന്ന നിലയിലായിരുന്നു. ഉടൻ വനംവകുപ്പിന്റെ പ്രത്യേക ഇൻവെസ്റ്റിഗേഷൻ ടീമെത്തി പാമ്പുകളെ ജില്ലാ വെറ്ററിനറി കേന്ദ്രത്തിൽ എത്തിച്ചു. മയക്കാനുള്ള മരുന്നു നൽകിയശേഷം ശസ്ത്രക്രിയ തുടങ്ങി. ഒരുമണിക്കൂർ നീണ്ട ശസ്ത്രക്രിയയിലൂടെ ആന്തരികാവയവങ്ങൾ ഉൾപ്പെടെ അകത്താക്കി തുന്നിച്ചേർത്തു പൂർവസ്ഥിതിയിലാക്കി.

ഇരുവരും സുഖം പ്രാപിച്ചു വരികയാണ്. ആന്റി ബയോട്ടിക്കും മറ്റു മരുന്നുകളും നൽകുന്നുണ്ട്. മുറിവ് ഭേദമായി ആരോഗ്യം വീണ്ടെടുക്കുന്നതോടെ പാമ്പുകളെ ശെന്തുരുണി വന്യജീവിസങ്കേതത്തിൽ തുറന്നുവിടുമെന്ന് അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്റർ ൈവ.അൻവർ പറഞ്ഞു.

ജില്ലാ മൃഗാശുപത്രി മേധാവി ഡോ. ഡി.ഷൈൻകുമാർ, വെറ്ററിനറി സർജന്മാരായ ഡോ.സജയ് കുമാർ, ഡോ. സേതുലക്ഷ്മി എന്നിവർ ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകി. ഡെപ്യൂട്ടി റേഞ്ചർ കെ.എസ്.സേതുമാധവൻ, ജീവനക്കാരായ ബിജുമോൻ, അജിത് മുരളി, ഷിബു എന്നിവരും പങ്കെടുത്തു.