- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കണ്ണൂർ കളക്ടറേറ്റിന് മുന്നിലെ പൊലീസ് ലാത്തിചാർജ്; പരുക്കേറ്റ വനിതാ പ്രവർത്തകർ ആശുപത്രിയിൽ; പൊലീസ് വേട്ടയാടൽ പ്രകോപനമില്ലാതെയെന്ന് മാർട്ടിൻ ജോർജ്
കണ്ണൂർ: യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് കണ്ണൂർ കലക്ടറേറ്റിലേക്ക് മാർച്ച് നടത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ഒരു പ്രകോപനവും ഇല്ലാതെയാണ് പൊലീസ് വേട്ടയാടിയതെന്ന് ഡിസിസി പ്രസിഡന്റ് അഡ്വ. മാർട്ടിൻ ജോർജ് പറഞ്ഞു.
വനിതാ പ്രവർത്തകരുടെ മുടി കുത്തിപ്പിടിച്ചും വസ്ത്രം വലിച്ചു കീറിയും ക്രൂരമായ മർദ്ദനമാണ് പൊലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടായത്. ലാത്തികൊണ്ട് കണ്ണിൽ കുത്തി പരിക്കേൽപ്പിക്കാനും മുതിർന്നു. പൊലീസ് ക്രിമിനലുകളെ കയറൂരി വിട്ട് പ്രതിഷേധ സമരങ്ങളെ അടിച്ചമർത്താം എന്നാണ് കരുതുന്നതെങ്കിൽ അത് വിലപ്പോവില്ല. ഭരണകൂട ഭീകരതയ്ക്ക് എതിരായ പോരാട്ടം കൂടുതൽ ശക്തമായി മുന്നോട്ടു കൊണ്ടുപോകും.
മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്തിരുന്ന് ആഭ്യന്തരവകുപ്പ് നിയന്ത്രിക്കുന്ന പി ശശിയുടെ ആജ്ഞാനുവർത്തികളായി ചില പൊലീസ് ഉദ്യോഗസ്ഥർ അധ:പതിച്ചിരിക്കുകയാണ്. ജനാധിപത്യ രീതിയിൽ പ്രതിഷേധ പരിപാടികൾ നടത്താനുള്ള അവകാശത്തെ അടിച്ചമർത്തുന്ന പ്രവണത വച്ചുപൊറുപ്പിക്കില്ല. കേസും ജയിലും കാണിച്ച് ഭയപ്പെടുത്താമെന്ന് കരുതേണ്ട. നീതി നിഷേധത്തിനെതിരെ ഇതിലും ശക്തമായ പോരാട്ടം വരും ദിവസങ്ങളിൽ ഉണ്ടാകുമെന്നും യൂത്ത് കോൺഗ്രസിന്റെ പ്രവർത്തകർക്ക് എല്ലാ പിന്തുണയും ജില്ലയിലെ കോൺഗ്രസ് പ്രസ്ഥാനം നൽകുമെന്നും അഡ്വ. മാർട്ടിൻ ജോർജ്ജ് പറഞ്ഞു.
പൊലീസ് ലാത്തി ചാർജിൽ യൂത്ത് കോൺഗ്രസ്സ് ജില്ലാ വൈസ് പ്രസിഡണ്ട് മഹിത മോഹൻ, ജില്ലാ സെക്രട്ടറി ജീന ഷൈജു, റിയ നാരായണൻ,സനൂബ് കുന്നോത്ത് പറമ്പ്, പ്രകീർത്ത് മുണ്ടേരി തുടങ്ങിയവർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ഡിസിസി പ്രസിഡണ്ട് അഡ്വ.മാർട്ടിൻ ജോർജ്ജ്, വി എ നാരായണൻ, സജീവ് മാറോളി, എം പി അരവിന്ദാക്ഷൻ, കെ പി സാജു, അഡ്വ.സി ടി സജിത്ത് ,എം സി അതുൽ തുടങ്ങിയ നേതാക്കൾ തലശ്ശേരി ഇന്ദിര ഗാന്ധി ആശുപത്രിയിൽ സന്ദർശിച്ചു .
മറുനാടന് മലയാളി ബ്യൂറോ