തിരുവനന്തപുരം: അഗസ്ത്യാർകൂടം സീസണൽ ട്രെക്കിങ് ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു. ദിവസവും 70 പേർക്കാണ് ഓൺലൈൻ രജിസ്ട്രേഷൻ അനുവദിക്കുക. വനം വകുപ്പിന്റെ www.forest.kerala.gov.in സന്ദർശിച്ച് serviceonline.gov.in/trekking എന്ന ലിങ്കിൽ ഓൺലൈനായി ബുക്ക് ചെയ്യാം.

ഈ വർഷത്തെ അഗസ്ത്യാർകൂടം സീസണൽ ട്രെക്കിങ് ജനുവരി 24 മുതൽ മാർച്ച് രണ്ടാം തീയതി വരെയാണ് നടക്കുന്നത്. ഒരു ദിവസം പരമാവധി 100 പേർക്ക് മാത്രമേ ട്രെക്കിങ് അനുവദിക്കൂ. ഒരു ദിവസം 70 പേർ എന്ന കണക്കിലായിരിക്കും ഓൺലൈൻ രജിസ്‌ട്രേഷൻ. ദിവസം 30 പേരിൽ കൂടാതെ ഓഫ്ലൈൻ ബുക്കിങ് തിരുവനന്തപുരം വൈൽഡ് ലൈഫ് വാർഡന് അനുവദിക്കാം. ഓഫ് ലൈൻ ബുക്കിങ്, ട്രെക്കിങ് തീയതിക്ക് ഒരു ദിവസം മുൻപ് മാത്രമേ നടത്താൻ സാധിക്കൂ. ഭക്ഷണം ഇല്ലാതെ ഇക്കോ ഡെവലപ്മെന്റ് ചാർജ് അടക്കം 2500 രൂപയാണ് ട്രെക്കിങ് ഫീസ്.

ഓൺലൈൻ രജിസ്ട്രേഷന് ഫോട്ടോയും, സർക്കാർ അംഗീകരിച്ച ഐഡി ഓൺലൈനായി അപ്ലോഡ് ചെയ്യേണ്ടതാണ്. 14 വയസു മുതൽ 18 വയസു വരെയുള്ളവർക്ക് രക്ഷാകർത്താവിനോടൊപ്പമോ രക്ഷിതാവിന്റെ അനുമതി പത്രത്തോടൊപ്പമോ മാത്രമാണ് യാത്ര അനുവദിക്കൂ. ഏഴു ദിവസത്തിനകം എടുത്ത ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ട്രെക്കിങ് ആരംഭിക്കുന്നതിന് മുൻപായി ഹാജരാക്കണം. ഫസ്റ്റ് എയിഡ് കിറ്റ്, അപകട ഇൻഷൂറൻസ് എന്നിവ ട്രെക്കിംഗിന് വരുന്നവർ ഉറപ്പു വരുത്തണം. പ്രതികൂല കാലാവസ്ഥ, വന്യജീവി ആക്രമണ സാധ്യത എന്നിവയുണ്ടെങ്കിൽ ഏത് സമയത്തും ട്രെക്കിങ് നിർത്തി വയ്ക്കുമെന്നും വനംവകുപ്പ് അറിയിച്ചു.

വിശദ വിവരങ്ങൾക്ക്: വൈൽഡ് ലൈഫ് വാർഡൻ, തിരുവനന്തപുരം: 0471-2360762.