കൊല്ലം: ട്യൂഷൻ പഠനത്തിനെത്തിയ വിദ്യാർത്ഥിനിക്കുനേരെ ലൈംഗിക അതിക്രമം നടത്തിയ അദ്ധ്യാപകൻ പോക്സോ നിയമപ്രകാരം അറസ്റ്റിലായി. പരവൂർ കലക്കോട് ചക്കവിളയിൽ കളരി വീട്ടിൽ ബിനീഷ്(35) ആണ് പരവൂർ പൊലീസിന്റെ പിടിയിലായത്. കുട്ടിയുടെ പെരുമാറ്റത്തിലെ മാറ്റം ശ്രദ്ധിച്ച വീട്ടുകാർ ലൈംഗികാതിക്രമത്തെക്കുറിച്ച് അറിയുകയും ചൈൽഡ് ലൈൻ മുഖേനെ പൊലീസിൽ പരാതിപ്പെടുകയുമായിരുന്നു.

ട്യൂഷൻ സെന്ററിൽ അദ്ധ്യാപകനായ പ്രതി വിദ്യാർത്ഥിനിയെ ലൈംഗിക ഉദ്ദേശത്തോടെ ട്യൂഷൻ സെന്ററിന് സമീപമുള്ള വീട്ടിലേക്ക് കുട്ടിക്കൊണ്ടു പോയി നഗ്‌നതാ പ്രദർശം നടത്തുകയും വിദ്യാർത്ഥിനിയുടെ സ്വകാര്യ ഭാഗങ്ങളിൽ കടന്നുപിടിക്കുകയുമായിരുന്നു.

പരവൂർ ഇൻസ്പെക്ടർ നിസാറിന്റെ നേതൃത്വത്തിൽ എസ്‌ഐ മാരായ സുജിത്, വിജയകുമാർ എ എസ് ഐ രമേശൻ എസ് സിപിഒ സലാഹുദീൻ സിപിഒ നെൽസൺ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ്. ചെയ്തു.

അതേസമയം, തിരുവനന്തപുരം ബാലരാമപുരത്ത് കേരള എക്സൈസ് മൊബൈൽ ഇന്റർവെൻഷൻ യൂണിറ്റ് നടത്തിയ വാഹന പരിശോധനയിൽ മൂന്ന് കിലോഗ്രാം കഞ്ചാവുമായി നിരവധി കേസുകളിൽ പ്രതിയായ യുവാവ് പിടിയിൽ. സ്വർണം മോഷണം, പീഡനം അടക്കം നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ നെടുമങ്ങാട് സ്വദേശി ഷഫീഖാണ് അറസ്റ്റിലായതെന്ന് എക്സൈസ് അറിയിച്ചു.

എക്സൈസ് ഇൻസ്പെക്ടർ കെ ശ്യാം കുമാറിന്റെ നേതൃത്വത്തിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് ബി വിജയകുമാർ, പ്രിവന്റിവ് ഓഫീസർ ഗ്രേഡ് പി.ശങ്കർ, സിവിൽ എക്സൈസ് ഓഫീസർമാരായ എം.വിശാഖ്, കെആർ.രജിത്ത്, ഹരിപ്രസാദ് എസ്, വി എസ് സുജിത്ത്, അനീഷ്.വി.ജെ എന്നിവർ പങ്കെടുത്തു.