തിരുവനന്തപുരം: മകരവിളക്കിന് മുന്നോടിയായി ശബരിമലയിലേക്ക് തീർത്ഥാടക പ്രവാഹം. തിരക്കിന്റെ മറവിൽ തീർത്ഥാടകരെ കൊള്ളയടിക്കുന്നത് തടയാൻ പത്തനംതിട്ട ജില്ലാ കലക്ടർ എ. ഷിബു നേരിട്ട് രംഗത്തിറങ്ങി. വിവിധ വകുപ്പുകൾ ഏകോപിപ്പിച്ചു കൊണ്ട് ജില്ലാ കലക്ടർ നിലയ്ക്കലിലെയും പമ്പയിലെയും കടകളിൽ പരിശോധന ശക്തമാക്കി.

ഭക്ഷണത്തിന്റെ ഗുണനിലവാരം തീർത്ഥാടകരോട് അന്വേഷിച്ചറിഞ്ഞു. കൂടുതൽ വില ഈടാക്കുന്നുണ്ടോയെന്ന കാര്യവും പരിശോധിച്ചു. ഹോട്ടലുകളിലെ അടുക്കള, പരിസരം എന്നിവ വൃത്തിഹീനമായി കിടക്കുന്നുണ്ടോയെന്ന് കലക്ടർ കണ്ടു മനസിലാക്കി. കടകളിലെ സാധനങ്ങൾക്ക് എംആർപിയിൽ കൂടുതൽ ഈടാക്കരുതെന്ന് അദ്ദേഹം കർശന നിർദ്ദേശം നൽകി.

പമ്പയിലെ സർക്കാർ ആശുപത്രിയുടെ പ്രവർത്തനം വിലയിരുത്തി. ചികിൽസ തേടിയ തീർത്ഥാടകരോട് രോഗവിവരങ്ങളും ലഭ്യമായ ചികിൽസയും സംബന്ധിച്ച് ആരാഞ്ഞു. തീർത്ഥാടകരെ ബുദ്ധിമുട്ടിക്കുന്ന സ്ഥാപനങ്ങൾക്കെതിരേ കർശന നടപടിയെടുക്കാൻ അദ്ദേഹം നിർദ്ദേശം നൽകി.