- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഫ്രീക്കന്മാരുടെ അഭ്യാസം റോഡിൽ വേണ്ട; പ്രത്യേകം സ്ഥലം കണ്ടെത്തണം'
കൊല്ലം: ഫ്രീക്കന്മാരുടെ അഭ്യാസം റോഡിൽ വേണ്ടെന്നും അവർക്ക് കഴിവ് പ്രകടിപ്പിക്കാൻ റോഡ് അല്ലാതെ ഒരു സ്ഥലം കണ്ടെത്തിയാൽ അതിനുള്ള നിയമാനുമതി നൽകാമെന്നും ഗതാഗതവകുപ്പ് മന്ത്രി കെ ബി ഗണേശ് കുമാർ. ഫ്രീക്കന്മാർ ചെയ്യുന്ന ബൈക്ക് സ്റ്റണ്ടിങ് പോലെയുള്ള അഭ്യാസങ്ങളൊക്കെ കഴിവ് തന്നെയായിരിക്കാം പക്ഷെ അത് റോഡിൽ വേണ്ട. സ്ഥലം കണ്ടുപിടിച്ച് അറിയിച്ചാൽ തക്കതായ ഇൻഷുറൻസും കാര്യങ്ങളും ഉണ്ടെങ്കിൽ അനുമതി നൽകും. എന്നാൽ റോഡിൽ അഭ്യാസം പാടില്ല. ഓരോ ജീവനും പ്രാധാന്യം നൽകുകയാണ് സർക്കാർ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. ഫേസ്ബുക്ക് പേജിലൂടെയാണ് ഗണേശ് കുമാർ ഇക്കാര്യം അറിയിച്ചത്.
സംസ്ഥാനത്ത് ഡ്രൈവിങ് ലൈസൻസ് ലഭിക്കുന്നതിനുള്ള നടപടികളിൽ സമഗ്രമായ മാറ്റം വരുത്തുമെന്ന് മന്ത്രി അറിയിച്ചു. ഏറ്റവും പ്രധാന മാറ്റം ലേണേഴ്സ് ടെസ്റ്റിൽ ആയിരിക്കും. ചോദ്യങ്ങളുടെ എണ്ണം 20ൽ നിന്ന് 30 ആക്കി ഉയർത്തും. 30 ചോദ്യങ്ങളിൽ 25 എണ്ണത്തിന് ശരിയുത്തരം എഴുതിയാൽ മാത്രമാണ് പരീക്ഷ പാസാകൂവെന്നും മന്ത്രി വ്യക്തമാക്കി. നിലവിൽ 20 ചോദ്യങ്ങളിൽ 12 എണ്ണം ശരിയായാൽ മതിയായിരുന്നു. കൂടാതെ ഒരു ദിവസം 20ൽ കൂടുതൽ ലൈസൻസ് ഓഫീസിൽ നിന്ന് അനുവദിക്കരുതെന്നും മന്ത്രി നിർദേശിച്ചിട്ടുണ്ട്. ലോറികളിലെ നമ്പർ പ്ലേറ്റ് വിസിബിൾ ആയിരിക്കണം.
വാഹനം ഓടിക്കുക എന്നതല്ല, വാഹനം കൈകാര്യം ചെയ്യുക എന്നതാണ് പ്രധാനമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. അതിനാണ് പാർക്കിങ് റിവേഴ്സ് എടുക്കുക. ശുപാർശ കൊണ്ടുവന്നാൽ ലൈസൻസ് നൽകില്ല. ഡ്രൈവിങ് സ്കൂളുകളുടെ പ്രവർത്തനത്തിലും മാറ്റം വരുത്തും. എല്ലാ കാര്യങ്ങളും ക്യാമറയിൽ പകർത്തും. സംസ്ഥാനത്ത് നാലര ലക്ഷം ലൈസൻസും ആർസി ബുക്കും വിതരണം ചെയ്യാനുണ്ടെന്നും ഗണേശ് കുമാർ പറഞ്ഞു.
ഡ്രൈവിങ് ടെസ്റ്റ് നടത്തുന്ന വാഹനങ്ങളിലുള്ള ഉദ്യോഗസ്ഥരുടെ പെരുമാറ്റവും സംസാരവും സഭ്യമായിരിക്കണമെന്ന് മന്ത്രി പറഞ്ഞു. ഉദ്യോഗസ്ഥർ മോശമായ ഭാഷ പ്രയോഗിക്കരുത്. കുട്ടികളോടും സ്ത്രീകളോടും വളരെ മാന്യമായി ഇടപെടണം. എല്ലാം ക്യാമറയിൽ റെക്കോർഡ് ചെയ്യും. ഇത് മൂന്ന് മാസം സൂക്ഷിക്കും. പരാതിയുണ്ടെങ്കിൽ ദൃശ്യങ്ങൾ പരിശോധിക്കും'- ഗണേശ് കുമാർ പറഞ്ഞു.


