കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ട് ദിവസത്തെ സന്ദർശനത്തിനായി കേരളത്തിലെത്തി. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽനിന്നും മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ ഹെലികോപ്റ്ററിൽ വന്നിറങ്ങുന്ന മോദി റോഡ് ഷോ ആയി ഗസ്റ്റ് ഗസ്റ്റ് ഹൗസിലെത്തും. നേരത്തെ 6.30 റോഡ് ഷോ ആരംഭിക്കുമന്നാണ് അറിയിച്ചിരുന്നതെങ്കിലും 7.30യിലേക്ക് മാറ്റുകയായിരുന്നു. മഹാരാജാസ് കോളജ് ഗ്രൗണ്ട് മുതൽ ഗവ.ഗസ്റ്റ് ഹൗസ് വരെ 1.3 കിലോമീറ്റർ റോഡ് ഷോ നടത്തും.

മഹാരാജാസ് ഗ്രൗണ്ട് മുതൽ ഗസ്റ്റ് ഹൗസ് വരെയുള്ള പ്രധാനമന്ത്രിയുടെ റോഡ് ഷോ കാണാനായി റോഡിന്റെ ഇരുഭാഗത്തും നിരവധി പേരാണ് തടിച്ചുകൂടിയിരിക്കുന്നത്. ഇന്ന് ഗസ്റ്റ് ഹൗസിൽ തങ്ങുന്ന മോദി ബുധനാഴ്ച രാവിലെയോടെ തൃശ്ശൂരിൽ സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിൽ പങ്കെടുക്കാനായി തിരിക്കും. 7.40 മുതൽ 20 മിനിറ്റ് ക്ഷേത്രത്തിൽ ചെലവഴിക്കും. 8.45നു ക്ഷേത്രത്തിനു മുന്നിലെ കല്യാണമണ്ഡപത്തിൽ നടൻ സുരേഷ് ഗോപിയുടെ മകളുടെ വിവാഹച്ചടങ്ങിൽ പങ്കെടുക്കും. 9.50ന് ഹെലികോപ്റ്ററിൽ തൃപ്രയാറിലേക്കു പുറപ്പെടും. 10.30നു ശ്രീരാമസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തും.

പിന്നീട് കൊച്ചിയിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനവും മോദി നിർവ്വഹിക്കും. കൊച്ചിയിലെത്തുന്ന പ്രധാനമന്ത്രി ഉച്ചയ്ക്കു 12ന് വില്ലിങ്ഡൻ ഐലൻഡിൽ കൊച്ചിൻ ഷിപ്യാഡിന്റെ രാജ്യാന്തര കപ്പൽ അറ്റകുറ്റപ്പണി കേന്ദ്രവും ഡ്രൈ ഡോക്കും ഉദ്ഘാടനം ചെയ്യും. വൈപ്പിൻ പുതുവൈപ്പിൽ ഇന്ത്യൻ ഓയിൽ കോർപറേഷന്റെ എൽപിജി ഇറക്കുമതി ടെർമിനലും ഉദ്ഘാടനം ചെയ്യും. ഒരു മണിക്ക് എറണാകുളം മറൈൻഡ്രൈവിൽ ബിജെപി 'ശക്തികേന്ദ്ര പ്രമുഖരുടെ' സമ്മേളനത്തിൽ പ്രസംഗിച്ചശേഷം ഡൽഹിക്കു മടങ്ങും.

പ്രധാനമന്ത്രിയുടെ സന്ദർശനത്തോട് അനുബന്ധിച്ച് തൃശൂരിൽ നാളെ (17/01/24) പ്രാദേശിക അവധി പ്രഖ്യാപിച്ചു. ഗുരുവായൂർ, കണ്ടാണശ്ശേരി, ചൂണ്ടൽ, നാട്ടിക, വലപ്പാട് തുടങ്ങിയ പ്രദേശങ്ങളിലാണ് അവധി. പ്രഫഷനൽ കോളജുകൾ അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയാണ്. പൊതുപരീക്ഷകൾക്ക് അവധി ബാധകമല്ല. കേന്ദ്ര-സംസ്ഥാന, അർധസർക്കാർ സ്ഥാപനങ്ങളിലേക്ക് നിയമനത്തിനായി നടത്തുന്ന പരീക്ഷകൾക്കും അവധി ബാധകമല്ല.

പ്രധാനമന്ത്രിയുടെ കൊച്ചി സന്ദർശനത്തോടനുബന്ധിച്ച് ചൊവ്വ, ബുധൻ ദിവസങ്ങളിൽ എറണാകുളം നഗരത്തിൽ ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. 16-ന് ഉച്ചയ്ക്ക് രണ്ടുമണി മുതലും 17-ന് വെളുപ്പിന് മുന്നുമണി മുതൽ ഉച്ചവരെയുമായിരിക്കും ഗതാഗത നിയന്ത്രണം.

ഹൈക്കോർട്ട് ജങ്ഷൻ, എം.ജി. റോഡ് രാജാജി ജങ്ഷൻ, കലൂർ ജങ്ഷൻ, കടവന്ത്ര ജങ്ഷൻ, തേവര-മട്ടമ്മൽ ജങ്ഷൻ, തേവര ഫെറി, ബി.ഒ.ടി. ഈസ്റ്റ്, സിഫ്റ്റ് ജങ്ഷൻ എന്നീ ഭാഗങ്ങളിൽനിന്ന് വാഹനങ്ങൾ വഴിതിരിച്ചുവിടുന്നുണ്ട്. സിറ്റിയിലേക്ക് വാഹനങ്ങൾക്ക് പ്രവേശനമില്ല.

പശ്ചിമകൊച്ചി ഭാഗത്തുനിന്ന് ആശുപത്രിയിൽ പോകാൻ ഉൾപ്പെടെ അടിയന്തര ആവശ്യങ്ങൾക്കു വരുന്ന വാഹനങ്ങൾ തേവര ഫെറിയിൽനിന്ന് ഇടത്തേക്ക് തിരിഞ്ഞ് മട്ടമ്മൽ ജങ്ഷനിലെത്തി വലത്തേക്ക് തിരിഞ്ഞ് കോന്തുരുത്തി റോഡിലൂടെ പനമ്പിള്ളി നഗർ വഴി മെഡിക്കൽ ട്രസ്റ്റ് ആശുപത്രി ഭാഗത്തേക്കു പോകണം. വളഞ്ഞമ്പലത്തുനിന്ന് വലത്തേക്കു തിരിഞ്ഞ് ചിറ്റൂർ റോഡിലൂടെ ഇയ്യാട്ടുമുക്ക് മഹാകവി ജി റോഡിലൂടെ കാരിക്കാമുറി റോഡിൽ കയറി ഇടത്ത് തിരിഞ്ഞ് അമ്മൻകോവിൽ റോഡ് വഴി ഷേണായീസ് തിയേറ്റർ റോഡ് വഴി എം.ജി. റോഡിൽ യുടേൺ എടുത്ത് മുല്ലശ്ശേരി കനാൽ റോഡിലൂടെ ടി.ഡി. റോഡ് വഴി ജനറൽ ആശുപത്രിയിലേക്കും പോകണം.

വൈപ്പിൻ ഭാഗത്തുനിന്ന് കലൂർ ഭാഗത്തുനിന്നും വരുന്ന എമർജൻസി വാഹനങ്ങൾക്ക് ടി.ഡി. റോഡ് - കാനൻഷെഡ് റോഡ് വഴി ജനറൽ ആശുപത്രിയുടെ കിഴക്കേ വശത്തെ ഗേറ്റ് വഴി ആശുപത്രിയിൽ പ്രവേശിക്കാം.