മലപ്പുറം: ഡിവൈഎഫ്ഐ നടത്തിയ മാർച്ചിനിടെ കെഎസ്ആർടിസി ബസിന്റെ ചില്ല് അടിച്ച് തകർത്ത കേസിൽ പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസിന് ജാമ്യം. മലപ്പുറം ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ഇന്ന് കോടതിയിൽ നേരിട്ട് ഹാജരായാണ് മന്ത്രി ജാമ്യമെടുത്തത്.

2018-ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. മലപ്പുറത്ത് ഡിവൈഎഫ്ഐ പ്രവർത്തകർ നടത്തിയ മാർച്ചിനിടെയാണ് കെഎസ്ആർടിസി ബസിന് നേരെ ആക്രമണമുണ്ടാകുന്നത്. സംഭവത്തിൽ ബസിന്റെ ചില്ല് തകർന്നിരുന്നു.

പൊതുമുതൽ നശിപ്പിക്കുകയും 13,000 രൂപയുടെ നാശനഷ്ടങ്ങൾ വരുത്തിയെന്നുമാണ് മന്ത്രി ഉൾപ്പടെയുള്ളവർക്കെതിരായ കേസ്. മന്ത്രിക്കെതിരേ വാറണ്ടും നിലനിൽക്കുന്നുണ്ടായിരുന്നു. പത്ത് പ്രതികളുള്ള കേസിൽ ഏഴാം പ്രതിയായിരുന്നു റിയാസ്.