കൊച്ചി: കൊച്ചിയിൽ നടന്ന റോഡ് ഷോയിൽ കണ്ടത് ജനപ്രളയമായിരുന്നെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ജനങ്ങളെ ആകർഷിക്കാൻ കഴിയുന്നുവെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ഓരോ തവണ പ്രധാനമന്ത്രി കേരളത്തിൽ വരുമ്പോഴും കൂടുതൽ പേർ അദ്ദേഹത്തെ കാണാൻ എത്തുന്നുണ്ടെന്നും കെ. സുരേന്ദ്രൻ പറഞ്ഞു. കൊച്ചിയിൽ മോദിയുടെ റോഡ് ഷോയ്ക്ക് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

വലിയ മാറ്റമാണ് കേരളത്തിൽ ഉണ്ടാകുന്നത്. വലിയതോതിൽ മോദിക്ക് കേരളത്തിലെ ജനങ്ങളെ ആകർഷിക്കാൻകഴിയുന്നു. മോദിയുടെ ഉറപ്പ് കേരളത്തിലെ ജനങ്ങൾ സ്വീകരിച്ചു കഴിഞ്ഞു എന്നതിന്റെ തെളിവാണ് റോഡ് ഷോയും ഇനിവരുന്ന പരിപാടികളും, കെ സുരേന്ദ്രൻ പറഞ്ഞു.

വൈകുന്നേരം ഏഴുമണിയോടെയാണ് പ്രധാനമന്ത്രി കൊച്ചിയിലെത്തിയത്. വ്യോമസേനയുടെ പ്രത്യേകവിമാനത്തിൽ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ മോദി ഹെലികോപ്റ്ററിൽ മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ ഇറങ്ങി. ഇവിടെനിന്ന് പ്രത്യേക വാഹനത്തിൽ റോഡ് ഷോ ആയി ഗസ്റ്റ് ഹൗസിലെത്തുകയായിരുന്നു.

മഹാരാജാസ് ഗ്രൗണ്ട് മുതൽ ഗസ്റ്റ് ഹൗസ് വരെയുള്ള പ്രധാനമന്ത്രിയുടെ റോഡ് ഷോ കാണാനായി റോഡിന്റെ ഇരുഭാഗത്തും നിരവധി ബിജെപി പ്രവർത്തകരാണ് തടിച്ചുകൂടിയിരുന്നത്. മുദ്രാവാക്യം വിളിച്ചും പുഷ്പവൃഷ്ടി നടത്തിയും അവർ മോദിയെ അഭിവാദ്യം ചെയ്തു.

ചൊവ്വാഴ്ച ഗസ്റ്റ് ഹൗസിൽ തങ്ങുന്ന മോദി ബുധനാഴ്ച രാവിലെയോടെ തൃശ്ശൂരിലെത്തി സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിൽ പങ്കെടുക്കും. പിന്നീട് കൊച്ചിയിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനവും മോദി നിർവ്വഹിക്കും.