കോഴിക്കോട്: കോഴിക്കോട് വെച്ച് യുവതിയുടെ മൂന്നര പവൻ സ്വർണ്ണമാല പൊട്ടിച്ച് കടന്നുകളഞ്ഞ പ്രതി പിടിയിൽ. വെസ്റ്റ്ഹിൽ കക്കുഴിപ്പാലം പ്രവീൺ നിവാസിൽ പ്രസൂൺ(36) ആണ് നടക്കാവ് പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ മൂന്നാം തീയതിയാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.

ഈസ്റ്റ്ഹിൽ ബിലാത്തിക്കുളം ക്ഷേത്രത്തിന് സമീപം വെച്ച് കുട്ടിയെ അംഗൻവാടിയിലാക്കി മടങ്ങുകയായിരുന്ന യുവതിയെ പ്രസൂൺ ആക്രമിക്കുകയായിരുന്നു. നടന്ന് വന്നാണ് ഇയാൾ മാല പൊട്ടിച്ചെടുത്തത്. യുവതി ബഹളം വെച്ചെങ്കിലും പിടിവലിക്കിടയിൽ നിലത്ത് വീണുപോയി.

തുടർന്ന് പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു. കൃത്യം നടന്ന സ്ഥലത്തിന് സമീപമുള്ള വീട്ടിൽ ഇയാൾ ടൈൽസ് ജോലിക്ക് വന്നതായിരുന്നു. കേസെടുത്ത് അന്വേഷണം ആരംഭിച്ച പൊലീസ് ഇന്ന് ഈസ്റ്റ്ഹിൽ ഭാഗത്തുവെച്ചു തന്നെയാണ് പ്രസൂണിനെ പിടികൂടിയത്. കുറ്റം സമ്മതിച്ച ഇയാൾ ബാങ്കിലെ ബാധ്യത തീർക്കാനാണ് കൃത്യം നടത്തിയതെന്നാണ് പൊലീസിന് മൊഴി നൽകി.

ആഭരണം വിറ്റുകിട്ടിയ തുക ബാങ്കിൽ അടച്ചതിന്റെ രേഖകൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. നടക്കാവ് എസ്.എച്ച്.ഒ പി.കെ ജിജീഷിന്റെ നേതൃത്വത്തിൽ എസ്‌ഐമാരായ പി.എസ് ജയേഷ്, ബാബു പുതുശ്ശേരി, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ശ്രീകാന്ത്, ഹരീഷ്, സുജിത്, ബവിത്ത് എന്നിവരുൾപ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്.