കാഞ്ഞങ്ങാട്: മഞ്ഞക്കാർഡുടമകൾക്കും റേഷൻ പഞ്ചസാര ഇല്ല. സമൂഹത്തിലെ അതിദരിദ്രരായ മഞ്ഞക്കാർഡുകാർക്കുള്ള പഞ്ചസാര വിതരണം നിലച്ചിട്ട് മൂന്നുമാസമായി. അന്ത്യോദയ അന്നയോജന പട്ടികയിലുൾപ്പെട്ടവർക്കാണ് മഞ്ഞക്കാർഡുള്ളത്. പൊതുവിതരണ കേന്ദ്രത്തിൽനിന്ന് പഞ്ചസാര കിട്ടുന്ന ഏക വിഭാഗമാണ് ഇവർ. അതാണിപ്പോൾ നിലച്ചിരിക്കുന്നത്.

സംസ്ഥാനത്ത് 5,89,267 മഞ്ഞക്കാർഡ് ഉപഭാക്താക്കളുണ്ട്. രണ്ടുകിലോ ആട്ട, മൂന്നുകിലോ ഗോതമ്പ്, മൂന്നുതരത്തിലായി 30 കിലോ അരി എന്നിവ സൗജന്യമായും 21 രൂപയ്ക്ക് ഒരു കിലോ പഞ്ചസാരയുമാണ് ഇവർക്ക് ലഭിച്ചിരുന്നത്. നിലവിൽ കിട്ടിക്കൊണ്ടിരിക്കുന്ന എല്ലാ സാധങ്ങളും ലഭ്യമാണെന്ന സന്ദേശം ഇവരുടെ മൊബൈൽഫോണിലെത്തുന്നുണ്ട്. എന്നാൽ പൊതുവിതരണ കേന്ദ്രത്തിലെത്തിയാൽ പഞ്ചസാരയില്ലെന്നാണ് മറുപടി.

സപ്ലൈകോയിൽ സബ്‌സിസി പഞ്ചസാര കിട്ടാത്തതിനാലാണ് മഞ്ഞക്കാർഡുകാർക്കുള്ള പഞ്ചസാര വിതരണം നിർത്തിയതെന്ന് സിവിൽ സപ്ലൈസ് വകുപ്പ് അധികൃതർ അറിയിച്ചു. 42 രൂപയാണ് വിപണിയിൽ പഞ്ചസാര വില.