കണ്ണൂർ: തലശേരി നഗരത്തിലെ സംഗമം ജങ്ഷനിലെ റെയിൽവെ മേൽപാലത്തിന് അടിയിലെ റോഡിൽ നിന്നും കാർയാത്രക്കാരനായ ഡോക്ടറെ ഭീഷണിപ്പെടുത്തി പണവും മൊബൈൽ ഫോണും കവർന്നു രക്ഷപ്പെട്ട കേസിലെ പ്രതിയെ തലശേരി ടൗൺ പൊലിസ് അറസ്റ്റു ചെയ്തു. കഴിഞ്ഞ ഞായറാഴ്‌ച്ച രാത്രി എട്ടുമണിയോടെ കൂത്തുപറമ്പ് സ്വകാര്യ ക്ളിനിക്കിലെ ഡോക്ടറും തലശേരി പെരുന്താറ്റിലെ ഷാലോം വീട്ടിൽ താമസക്കാരനുമായ ഡോക്ടർ ബ്രിട്ടോ ജസ്റ്റിനാണ് കവർച്ചയ്ക്കിരയായത്.

ഈ കേസിൽ പൊലിസ് തിരിച്ചറിഞ്ഞ മുഴപ്പിലങ്ങാട് ഫൗസിയ മൻസിലിൽ എകെനസീറിനെയാണ് (28), അറസ്റ്റു ചെയ്തത്. ജനുവരി 14 ന് രാത്രി എട്ടുമണിയോടെയാണ് സംഭവം. റോഡരികിൽ കാർ നിർത്തി പുറത്തേക്കിറങ്ങിയ ഡോക്ടറോട് കഞ്ചാവുണ്ടോയെന്ന് ചോദിച്ച രണ്ടു പേർ ഡോക്ടർ ക്ഷുഭിതനായപ്പോൾ വിലകൂടിയ മൊബൈൽ ഫോൺ തട്ടിപറിക്കുകയും കീശയിൽ നിന്നും പേഴ്സെടുത്ത് അതിലുണ്ടായിരുന്ന എണ്ണൂറ് രൂപയെടുത്തു ഓടിരക്ഷപ്പെടുകയുമായിരുന്നു.

ഇതേ തുടർന്ന് തലശേരി ടൗൺ പൊലിസ് സ്റ്റേഷനിൽപരാതി നൽകിയതിന്റെ അടിസ്ഥാനത്തിലാണ് പൊലിസ് കേസെടുത്ത് അന്വേഷണമാരംഭിച്ചത്. സംഗമം ജങ്ഷനിലെ സി.സി.ടി.വി ക്യാമറാദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് കവർച്ച നടത്തിയത് നസീറും സംഘവുമാണെന്ന് പൊലിസ് തിരിച്ചറിഞ്ഞത്.
തലശേരി ടൗൺസബ് ഇൻസ്‌പെക്ടർ എംപി മനോജ് കുമാറിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതിയായ നസീറിനെ മുഴപ്പിലങ്ങാട്ടെ വീട്ടിൽ നിന്നും അറസ്റ്റു ചെയ്തത്.

കേസിലെ രണ്ടാം പ്രതിയെയുംതിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇയാൾക്കായി അന്വേഷണം ഊർജ്ജിതമാക്കിയതായും പൊലീസ് അറിയിച്ചു.ഡോക്ടർ ബ്രിട്ടോ ജസ്റ്റിൻ അടുത്തദിവസം യു.കെയിലേക്ക് ജോലി ആവശ്യാർത്ഥം പോകാനിരിക്കെയാണ് കവർച്ചയ്ക്കിരയായത്. തലശേരി നഗരത്തിൽ രാത്രികാലങ്ങളിൽ പിടിച്ചുപറിക്കാരുടെ ശല്യം കൂടിയിരിക്കുകയാണെന്ന് പ്രദേശവാസികൾക്ക് പരാതിയുണ്ട്. പൊലിസ് നഗരത്തിലും പരിസര പ്രദേശങ്ങളിലും പരിശോധന ശക്തമാക്കണമെന്നാണ് ഇവരുടെ ആവശ്യം.