തിരുവനന്തപുരം: കേരളത്തിലെ മുഖ്യമന്ത്രി കസേരയിലിരിക്കുന്ന അവസാനത്തെ കമ്യൂണിസ്റ്റുകാരനായിരിക്കും പിണറായി വിജയനെന്ന് വിമർശിച്ച് രാജ്‌മോഹൻ ഉണ്ണിത്താൻ എംപി. യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യം ലഭിക്കാതിരിക്കാൻ പലനീക്കങ്ങളും നടത്തി എന്നും അദ്ദേഹം ആരോപിച്ചു. പിണറായി വിജയന്റെ ഭാവം കണ്ടാൽ ഹിറ്റ്‌ലറും മുസോളിനിയും സ്റ്റാലിനുമെല്ലാം നാണിച്ചു പോകുമെന്നും ഉണ്ണിത്താൻ ചൂണ്ടിക്കാട്ടി.

തനിക്കുശേഷം ഇനിയൊരു കമ്യൂണിസ്റ്റുകാരൻ മുഖ്യമന്ത്രി കസേരയിലിരിക്കാൻ പാടില്ലെന്ന ആഗ്രഹവും പിണറായി വിജയനുണ്ട്. ഇത്രയും പ്രതിപക്ഷ സ്വരങ്ങളെ അടിച്ചൊതുക്കുക എന്നത് അദ്ദേഹത്തിന്റെ വാശിയായിരിക്കുമെന്നും രാജ്‌മോഹൻ ഉണ്ണിത്താൻ പറഞ്ഞു.

"രാഷ്ട്രീയ പ്രതിയോഗികളെ ഉന്മൂലനം ചെയ്യാൻ ഏതു ഹീനകരമായ മാർഗവും സ്വീകരിക്കുന്ന മുഖ്യമന്ത്രിയായി പിണറായി വിജയൻ മാറിയിരിക്കുന്നു. ഡിവൈഎഫ്‌ഐക്കാരെ കൊണ്ട് രാഷ്ട്രീയ പ്രതിയോഗികളെ തച്ചുടയ്ക്കാൻ അദ്ദേഹം ശ്രമിക്കുകയാണ്. കേരളത്തിലെ മുഖ്യമന്ത്രിയുടെ കസേരയിലിരുന്ന് അക്രമത്തിനും ഗുണ്ടായിസത്തിനും പിണറായി വിജയൻ പ്രോത്സാഹനം നൽകി. അതുകൊണ്ടാണ് കേരളത്തിൽ ഇത്രയും അക്രമങ്ങളുണ്ടായത്. മുഖ്യമന്ത്രിക്കെതിരെ സമര പരമ്പരകൾ തുടരും. മുഖ്യമന്ത്രി വടികൊടുത്ത് അടി വാങ്ങിയിരിക്കുകയാണ്" രാജ്‌മോഹൻ ഉണ്ണിത്താൻ പറഞ്ഞു.