തൃശൂർ: അധികാര വികേന്ദ്രീകരണത്തിൽ പങ്കാളിത്ത വികസനത്തിന് വലിയ പ്രാധാന്യമുണ്ടെന്ന് പട്ടികജാതി- പട്ടികവർഗ- പിന്നാക്ക വികസനം- ദേവസ്വം- പാർലമെന്ററി കാര്യവകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ. ചേലക്കര ഗ്രാമപഞ്ചായത്ത് വികസന സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

അധികാരവും സമ്പത്തും വികേന്ദ്രീകൃത ആസൂത്രണത്തിലൂടെ താഴെത്തട്ടിലെത്തിച്ചാലേ പ്രാദേശിക വികസനം സാധ്യമാകൂ. ഇതിനായാണ് വികസന സെമിനാറുകൾ സംഘാടിപ്പിക്കുന്നത്. കേരളത്തിന്റെ വികസനത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വഴി നടപ്പാക്കിയ പങ്കാളിത്ത വികസനത്തിന്റെ മികച്ച മാതൃക കാണാനാകും. നിരവധി പ്രാദേശിക ആവശ്യങ്ങളാണ് ചർച്ചചെയ്ത് രൂപപ്പെടുത്തുന്നത്. ചേലക്കര ഗ്രാമപഞ്ചായത്തിൽ നബാർഡിന്റെ 28 കോടി ധനസഹായം ലഭ്യമാക്കി കാർഷിക വിപണന കേന്ദ്രം നിർമ്മിക്കുന്നതിനുള്ള നടപടിക്രമങ്ങളും പുരോഗമിക്കുകയാണെന്നും മന്ത്രി പറഞ്ഞു.

ചേലക്കര ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്ന പരിപാടിയിൽ ചേലക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം കെ പത്മജ അധ്യക്ഷയായി. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എല്ലിശ്ശേരി വിശ്വനാഥൻ പദ്ധതി വിശദീകരിച്ചു. വൈസ് പ്രസിഡന്റ് എച്ച് ഷെലീൽ, ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ദീപ എസ് നായർ, ജില്ലാ പഞ്ചായത്ത് മെമ്പർ മായ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജാനകി, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ ഷിജിത ബിനീഷ്, എ ഇ ഗോവിന്ദൻ, ചേലക്കര ഗ്രാമപഞ്ചായത്ത് സെക്രട്ടറി എം ജയലക്ഷ്മി, ആസൂത്രണ സമിതി ഉപാധ്യക്ഷൻ സി മുരുകേശൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ടി ഗോപാലകൃഷ്ണൻ, ശശിധരൻ, നിത്യ, എ കെ അഷറഫ്, ഗീത ഉണ്ണികൃഷ്ണൻ, എൽസി, ടി എ കേശവൻകുട്ടി, കെ അംബിക, ബീന മാത്യു, പി സി മണികണ്ഠൻ, സുമതി, എ അസനാർ, ജാഫർമോൻ, വി കെ ഗോപി, സുജാത, വി കെ നിർമ്മല, എം എൻ സതീഷ് കുമാർ, വർക്കിങ് ഗ്രൂപ്പ് അംഗങ്ങൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.