തിരുവല്ല : ജസ്റ്റീസ് ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ടിലെ ശുപാർശകൾ ഉടൻ നടപ്പിലാക്കുക, ന്യൂനപക്ഷ വിദ്യാഭ്യാസ സ്‌ക്കോളർഷിപ്പ് (80 : 20) വിഷയത്തിൽ സുപ്രീം കോടതിയിൽ നൽകിയ കേസിൽ നിന്നും സർക്കാർ പിന്മാറുക, ദളിത് ക്രൈസ്തവരുടെ വിദ്യാഭ്യാസ ആനുകൂല്യങ്ങൾ പുനഃസ്ഥാപിക്കുക., ജനസംഖ്യാനുപാതിക സംവരണം നടപ്പിലാക്കുക, പൂർണ്ണ സമയ സുവിശേഷ പ്രവർത്തകർക്ക് ക്ഷേമനിധി ഏർപ്പെടുത്തുക എന്നീആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കേരളത്തിലെ സഭകളുടെ ഐക്യവേദിയായ കേരളാ കൗൺസിൽ ഓഫ് ചർച്ചസിന്റെ നേതൃത്വത്തിൽ ജനുവരി 29 മുതൽ ഫെബ്രുവരി 9 വരെ തിരുവല്ലയിൽ നിന്നും തിരുവനന്തപുരത്തേക്ക് ബിഷപ്പുമാരും വൈദീകരും വിശ്വാസ സമൂഹവും കാൽനടയായി നീതിയാത്ര സംഘടിപ്പിക്കുന്നു. 29ന് രാവിലെ 9ന് തിരുവല്ല മാർത്തോമ്മാ സഭാ കവാടത്തിൽ ഡോ. തിയൊഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലീത്താ മാർച്ച് ഉദ്ഘാടനം ചെയ്യും. കെ.സി.സി. പ്രസിഡന്റ് അലക്സിയോസ് മാർ യൗസേബിയസ് മെത്രാപ്പൊലീത്ത ഉദ്ഘാടന ചടങ്ങിന് അധ്യക്ഷത വഹിക്കും. വിവിധ സഭകളുടെ അധ്യക്ഷന്മാർ പ്രസംഗിക്കും. മാർച്ച് കടന്നുപോകുന്ന സ്ഥലങ്ങളിലെ കെ.സി.സി. അംഗസഭകളുടെ ഇടവകകളിൽ സ്വീകരണം നല്കും. ഫെബ്രുവരി 9ന് രാവിലെ 10.30ന് തിരുവനന്തപുരം എൽ.എം.എസ് കോമ്പൗണ്ടിൽ നിന്നും സെക്രട്ടറിയേറ്റിലേക്ക് ബഹുജന മാർച്ച് നടക്കും എന്ന് കെ.സി.സി. ജനറൽ സെക്രട്ടറി ഡോ. പ്രകാശ് പി. തോമസ്, മാർച്ചിന്റെ കൺവീനർമാരായ ഷിബി പീറ്റർ, റവ. എ. ആർ. നോബിൾ എന്നിവർ അറിയിച്ചു.