- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മോദി വ്രതമനുഷ്ഠിക്കേണ്ടത് ദാരിദ്ര്യം ഇല്ലാതാക്കാനെന്ന് ശരദ് പവാർ
കോലാപുർ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശനവുമായി എൻ.സി.പി. അധ്യക്ഷൻ ശരദ് പവാർ. രാജ്യത്തുനിന്ന് ദാരിദ്ര്യം നിർമ്മാർജനം ചെയ്യാനായാണ് നരേന്ദ്ര മോദി വ്രതമെടുക്കേണ്ടത് എന്ന് അദ്ദേഹം പറഞ്ഞു. രാമക്ഷേത്രവിഷയത്തിൽ ബിജെപിയും ആർ.എസ്.എസ്സും രാഷ്ട്രീയം കളിക്കുകയാണെന്നും കർണാടകയിലെ ബെൽഗാമിൽ നടന്ന റാലിയിൽ പവാർ പറഞ്ഞു.
'രാമക്ഷേത്രത്തിനായി അദ്ദേഹമിപ്പോൾ വ്രതമെടുക്കുകയാണ് എന്നാൽ രാജ്യത്തുനിന്ന് ദാരിദ്ര്യം തുടച്ചുനീക്കാനായി അദ്ദേഹം വ്രതമെടുത്തിരുന്നെങ്കിൽ ജനങ്ങൾ അദ്ദേഹത്തെ കൂടുതലായി അഭിനന്ദിച്ചേനെ. യഥാർഥ പ്രശ്നങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടക്കുന്നത്', ശരദ് പവാർ പറഞ്ഞു.
'ഞങ്ങൾക്ക് ശ്രീരാമനോടും ഹനുമാനോടും ബഹുമാനമുണ്ട്. ബാബറി മസ്ജിദ് തകർക്കപ്പെട്ടതിനുശേഷം അവിടെ രാമക്ഷേത്രം നിർമ്മിക്കാനുള്ള തീരുമാനമെടുത്തത് അന്നത്തെ പ്രധാനമന്ത്രിയായ രാജീവ് ഗാന്ധിയാണ്. അതിനായി അദ്ദേഹം തറക്കല്ലിടുകയും ചെയ്തിരുന്നു. എന്നാൽ ഇപ്പോൾ ആർ.എസ്.എസ്സും ബിജെപിയും രാമക്ഷേത്രവിഷയത്തിൽ വോട്ടിനായി രാഷ്ട്രീയം കളിക്കുകയാണ്.
മോദി നേതൃത്വം കൊടുക്കുന്ന കേന്ദ്രസർക്കാരിന് രാജ്യത്തെ കർഷകരുടെ പ്രശ്നങ്ങളെ കുറിച്ച് ഒരാശങ്കയുമില്ല. വ്യവസായികളുടെ വായ്പ എഴുതിത്ത്തള്ളുന്ന കേന്ദ്രസർക്കാർ പക്ഷേ കർഷകരെ അവഗണിക്കുന്നു. തെറ്റായ സാമ്പത്തിക നയങ്ങൾ നടപ്പാക്കുന്ന ഇത്തരം ആളുകളെ ജനങ്ങൾ അകറ്റി നിർത്തണം', പവാർ കൂട്ടിച്ചേർത്തു.



