തൃശൂർ: വടക്കാഞ്ചേരി നഗരസഭയുടെ സർവ്വശുദ്ധി മാലിന്യ സംസ്‌കരണ പദ്ധതിയുടെ ഭാഗമായി നഗരസഭ പരിധിയിൽ നടക്കുന്ന പൂരങ്ങൾ, പെരുന്നാളുകൾ വിവാഹങ്ങൾ, മറ്റ് ആഘോഷങ്ങൾ എന്നിവ പൂർണമായും ഹരിത ചട്ടം കർശനമായി പാലിച്ച് നടത്തുന്നതിന് തീരുമാനമായി. വടക്കാഞ്ചേരിയിലെ പ്രധാന ആഘോഷങ്ങളായ ഉത്രാളിക്കാവ് പൂരവും മറ്റുപൂരങ്ങളും പെരുന്നാളുകളും കർശനമായ ഹരിത ചട്ടം പാലിക്കുന്നതിനും നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ, ഒറ്റത്തവണ ഉപയോഗിക്കുന്ന വസ്തുക്കൾ തുടങ്ങിയവ പൂർണമായും ഒഴിവാക്കി മാലിന്യത്തിന്റെ അളവ് പരമാവധി കുറയ്ക്കുന്നതിനും പൂര കമ്മിറ്റികളും പള്ളി ഭാരവാഹികളും പൂർണ്ണ പിന്തുണ അറിയിച്ചു.

ഹരിത കർമ്മ സേന, സാനിറ്റേഷൻ ജീവനക്കാർ തുടങ്ങിയ വിഭാഗങ്ങളുടെ സഹകരണത്തോടെ പൊതു ആഘോഷ പരിപാടികൾക്ക് ശേഷം അതേ ദിവസം തന്നെ പ്രസ്തുത പരിപാടി നടന്ന സ്ഥലം നഗരസഭയുടെ നേതൃത്വത്തിൽ ശുദ്ധീകരണം നടത്താറുണ്ട്. എന്നാൽ ഇത്തരത്തിൽ ലഭിക്കുന്ന മാലിന്യങ്ങൾ പുനചക്രമണയോഗ്യം അല്ലാത്തതും ഒരുതരത്തിലും ശാസ്ത്രീയമായ സംസ്‌കരണ ഉപാധികൾക്ക് വിധേയമാക്കുവാൻ സാധിക്കാത്തതുമാണ്. ഈ സാഹചര്യത്തിലാണ് മാലിന്യങ്ങൾ കൃത്യമായി സംസ്‌കരിക്കുന്നതിനും, ഉദ്പാദിപ്പിക്കുന്ന മാലിന്യങ്ങളുടെ അളവ് കുറയ്ക്കുന്നതിനായി എല്ലാ പൊതു സ്വകാര്യ ആഘോഷ പരിപാടികളിലും ഹരിത ചട്ടം ഉറപ്പുവരുത്തുന്നതിന് നഗരസഭ ഇടപെട്ടത്. ആഘോഷ പരിപാടികളുടെ ബാനറുകൾ അടിക്കുന്നതു മുതൽ കൊടിത്തോരണങ്ങൾ അഴിക്കുന്നത് വരെയുള്ള എല്ലാ ഘട്ടങ്ങളിലും ഹരിത നിയമങ്ങൾ പാലിക്കുന്നതിന് ഏവരുടെയും സഹകരണം ഉറപ്പാക്കും.

ഇനി മുതൽ നഗരസഭയിൽ നടത്തപ്പെടുന്ന വിവാഹങ്ങളും മറ്റും ആഘോഷങ്ങളും നഗരസഭയെ മുൻകൂട്ടി അറിയിച്ച് അനുമതി വാങ്ങണം. ഹരിതചട്ടം പാലിക്കാത്തവർക്കെതിരെ പിഴ ഉൾപ്പെടെയുള്ള നിയമ നടപടികൾ സ്വീകരിക്കുന്നതാണെന്നും നഗരസഭ സെക്രട്ടറി അറിയിച്ചു.

നഗരസഭ ചെയർമാൻ പി.എൻ സുരേന്ദ്രന്റെ അധ്യക്ഷതയിൽ നഗരസഭ കൗൺസിൽ ഹാളിൽ ചേർന്ന യോഗത്തിൽ പൂരം, പള്ളി കമ്മിറ്റി ഭാരവാഹികൾ, ഓഡിറ്റോറിയം ഉടമകൾ, ജനപ്രതിനിധികൾ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.