- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹജ്ജ്; അപേക്ഷകളിൽ 5,209 പേരുടെ വർധന
കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ കീഴിൽ ഹജ്ജിന് അപേക്ഷിച്ചവരുടെ എണ്ണത്തിൽ വൻ വർധന. കഴിഞ്ഞ വർഷത്തേക്കാൾ 5,209 പേരുടെ വർധനവാണ് ഇത്തവണ ഉണ്ടായിരിക്കുന്നത്. കഴിഞ്ഞവർഷം 19,524 അപേക്ഷകരാണുണ്ടായിരുന്നത്. ഇത്തവണ ഇത് 24,733 ആയി. കോവിഡിനു ശേഷം ഇതാദ്യമായാണ് ഇത്രയും വലിയ വർദ്ധനവ്.
കഴിഞ്ഞവർഷം അപേക്ഷിച്ചവരിൽ 11,252 പേർ ഹജ്ജ് നിർവഹിച്ചു. കോവിഡിന് മുൻപ്, 2019-ൽ 43,115 പേർ ഹജ്ജിന് അപേക്ഷിച്ചിരുന്നു ഹജ്ജിന് ചെലവ് കൂടിയതും നിയന്ത്രണങ്ങൾ കടുപ്പിച്ചതും അപേക്ഷകർ കുറയാൻ കാരണമായിരുന്നു. നേരത്തേ, തുടർച്ചയായി മൂന്ന് തവണ അപേക്ഷിക്കുന്നവർക്ക് നാലാംവർഷം നറുക്കെടുപ്പില്ലാതെ അവസരം നൽകിയിരുന്നു.
നറുക്കെടുപ്പ് നടന്ന ആദ്യഘട്ടത്തിൽ 10,331 പേർക്കാണ് അവസരം ലഭിച്ചത്. ബാക്കിയുള്ളവർക്ക് മറ്റു സംസ്ഥാനങ്ങളിൽ ഒഴിവുവന്ന സീറ്റുകളിലൂടെയാണ് സാധ്യത തെളിഞ്ഞത്. ഈ വർഷവും തുടക്കത്തിൽത്തന്നെ പതിനായിരത്തിലേറെ പേർക്ക് അവസരം ലഭിക്കുമെന്നാണ് സൂചന. 70 വയസ്സുകാരുടെ വിഭാഗത്തിൽപ്പെട്ട 1,266 പേർക്കും മെഹ്റമില്ലാത്ത വനിതകളുടെ സംഘത്തിൽപ്പെട്ട 3,585 പേർക്കും നറുക്കെടുപ്പില്ലാതെ നേരിട്ട് അവസരം ലഭിക്കും. ബാക്കിയുള്ളവർക്ക് ക്വാട്ടയുടെ അടിസ്ഥാനത്തിൽ നറുക്കെടുപ്പിലൂടെയാകും സീറ്റ് ലഭിക്കുക.



