- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നൂറ് കിലോ മത്സ്യം ആവശ്യപ്പെട്ടു ; മത്സ്യവ്യാപാരിക്ക് നഷ്ടമായത് 22,109 രൂപ
ഫറോക്ക്: എൻ.സി.സി. ഓഫീസർ ചമഞ്ഞ് 100 കിലോ മീൻ ആവശ്യപ്പെട്ടയാൾ ഗൂഗിൾപേ വഴി മത്സ്യക്കച്ചവടക്കാരന്റെ പണം തട്ടിയതായി പരാതി. ഫറോക്ക് പഴയപാലത്തിനു സമീപത്ത് മത്സ്യക്കച്ചവടം ചെയ്യുന്ന കരുവൻതിരുത്തി സ്വദേശി പൊന്നേംപറമ്പത്ത് സിദ്ദീഖിനാണ് പണം നഷ്ടമായത്. പണം അയക്കാൻവേണ്ടി ഗൂഗിൾ പേയുടെ സ്‌കാനർ നൽകിയ സിദ്ദിഖിന്റെ അക്കൗണ്ടിൽ നിന്നും 22,109 രൂപയാണ് തട്ടിയെടുത്തത്.
പണം നഷ്ടമായ സിദ്ദീഖ് ഫറോക്ക് പൊലീസ് സ്റ്റേഷനിലും ബാങ്കിലും പരാതിനൽകിട്ടുണ്ട്. തിങ്കളാഴ്ച വൈകീട്ട് മൂന്നരയോടെയാണ് തട്ടിപ്പിന് തുടക്കമാവുന്നത്. സിദ്ദീഖിന്റെ ഫോണിലേക്ക് ഹിന്ദി സംസാരിക്കുന്നയാൾ വിളിച്ച് എൻ.സി.സി. ക്യാമ്പിലേക്ക് നൂറുകിലോ മീൻ വേണമെന്ന് പറഞ്ഞു. തുടർന്ന് സിദ്ദീഖ് മീനിന്റെ വില പറഞ്ഞുകൊടുത്തു. ഉടൻ അഡ്വാൻസ് 15,000 രൂപ മേലുദ്യോഗസ്ഥൻ അയക്കുമെന്നും ബാക്കി തുക മീൻ ലഭിക്കുന്ന മുറയ്ക്ക് തരുമെന്നും മീൻ എൻ.സി.സി. ഫറോക്ക് കോളേജ് ക്യാമ്പിലേക്കാണെന്നും പറഞ്ഞു.
എൻ.സി.സി. വസ്ത്രധാരിയുടെ വീഡിയോകോൾ വരുകയും ലൊക്കേഷൻ അയച്ചുനൽകുകയും ചെയ്തു. തുടർന്ന് മീനിന്റെ അഡ്വാൻസ് പണം അയക്കാൻവേണ്ടി സിദ്ദീഖ് സ്‌കാനർ കാണിച്ചുനൽകി. ശേഷം സിദ്ദീഖിന്റെ അക്കൗണ്ട് നമ്പറും ചോദിച്ചു. അക്കൗണ്ട് നമ്പർ അടിക്കുന്നതിനിടയിൽ പാസ്വേഡും ചോദിച്ചുവാങ്ങി. തുടർന്ന് സിദ്ദീഖിന്റെ ഫോണിലേക്ക് 22,109 രൂപ നഷ്ടപ്പെട്ട മെസേജാണ് എത്തിയത്.



