- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഉദ്യാനം സന്ദർശിക്കാൻ എത്തുന്നവർക്ക് ഗാനങ്ങൾ ആലപിക്കുന്നതിനായി പാട്ടുപുര; മലമ്പുഴ ഉദ്യാനത്തിൽ പുഷ്പമേള 23 മുതൽ; ഭക്ഷ്യമേളയും പാട്ടുപുരയും വ്യത്യസ്തമാകും

പാലക്കാട്: ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെയും ജലസേചന വകുപ്പിന്റെയും ആഭിമുഖ്യത്തിൽ ജനുവരി 23 മുതൽ 28 വരെ മലമ്പുഴ ഉദ്യാനത്തിൽ പുഷ്പമേള സംഘടിപ്പിക്കും. പ്രത്യേകതരം ഫ്‌ളവർ ബഡ്‌സ്, വിവിധതരം പൂക്കൾ ഉൾപ്പെടുത്തി ഉദ്യാനം, ഓർക്കിഡ് ഫാം തുടങ്ങിയവ സജ്ജീകരിക്കും. ഉദ്യാനത്തിലെ തൊഴിലാളികൾ നട്ടുവളർത്തിയ ഓർക്കിഡ്, നാടൻ പൂക്കൾ എന്നിവ നിലവിൽ പ്രദർശനത്തിനൊരുക്കിയിട്ടുണ്ട്.
സീനിയ, വിവിധ നിറത്തിലുള്ള ചെണ്ടുമല്ലി, റോസുകൾ, ഡെലീഷ്യ, കോസ്‌മോസ്, ഡാലിയ, സാൽവിയ, വാടാമല്ലി, ജമന്തി തുടങ്ങി 30 ഓളം വൈവിധ്യമാർന്ന പൂക്കളാണ് പ്രദർശിപ്പിച്ചിട്ടുള്ളത്. ഉദ്യാനത്തിന്റെ മുൻവശത്ത് ഓർക്കിഡും മറ്റിടങ്ങളിൽ നാടൻപൂക്കളുമാണ് സജ്ജീകരിച്ചത്. ഒക്ടോബർ മുതൽ തൊഴിലാളികൾ നട്ടുവളർത്തിയ ചെടികളാണ് പ്രദർശിപ്പിച്ചിട്ടുള്ളത്.
പുഷ്പമേളക്ക് ആകർഷകമായി മലമ്പുഴ ആശ്രമം സ്‌കൂൾ, മലമ്പുഴ ലീഡ് കോളെജ്, മുണ്ടൂർ യുവക്ഷേത്ര കോളെജ്, ചിറ്റൂർ ഗവ കോളെജ് എന്നിവിടങ്ങളിൽനിന്നുള്ള 16 വിദ്യാർത്ഥികൾ ഉദ്യാനത്തിനകത്ത് ചുമർചിത്രങ്ങൾ ഒരുക്കുന്നുണ്ട്. മേളയിൽ സ്വകാര്യ നഴ്‌സറികളിലെ പൂക്കളുടെ പ്രദർശനവും വിൽപ്പനയും ഉണ്ടായിരിക്കും. പാലക്കാടിന്റെ തനത് വിഭവങ്ങളും ഗോത്ര വിഭവങ്ങളും ഉൾപ്പെടുത്തി ഹരിതചട്ടം പാലിച്ച് ഭക്ഷ്യമേളയും സംഘടിപ്പിക്കും. ഉദ്യാനം സന്ദർശിക്കാൻ എത്തുന്നവർക്ക് ഗാനങ്ങൾ ആലപിക്കുന്നതിനായി പാട്ടുപുരയും ഒരുക്കും.

