പത്തനംതിട്ട: ഓരോ കുടുംബങ്ങളിലും സന്തോഷമെത്തുക എന്നതാണ് വികസനത്തിന്റെ ലക്ഷ്യമെന്ന് കൃഷി മന്ത്രി പി. പ്രസാദ് പറഞ്ഞു. കലഞ്ഞൂർ ഗ്രാമപഞ്ചായത്തിലെ നെടുമൺകാവ് കല്ലേലിപാലത്ത് നിർമ്മിച്ച തടയണകളുടെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

കേരളത്തിലെ വിവിധമേഖലകളിൽ വൈവിധ്യമാർന്ന മാറ്റങ്ങൾ കൊണ്ടുവരാൻ തൊഴിലുറപ്പ് പ്രവർത്തകർക്ക് കഴിഞ്ഞിട്ടുണ്ട്. വലിയ റോഡുകളും പാലങ്ങളും കെട്ടിടങ്ങളും മാത്രമല്ല, ഗ്രാമീണ ജീവിതം മെച്ചപ്പെടുത്തുന്ന ഇത്തരം പ്രവർത്തനങ്ങളും വികസനത്തിന്റെ ഭാഗമാണ്. കുത്തനെയുള്ള വെള്ളപ്പാച്ചിൽ തടയുന്നതിനും വേനൽക്കാലത്തെ ജലദൗർലഭ്യത്തിനും ഒരുപോലെ പരിഹാരമാവുകയാണ് തൊഴിലുറപ്പ് പ്രവർത്തകരുടെ കഠിനാധ്വാനമായ ഇവിടെ നിർമ്മിച്ചിട്ടുള്ള 37 തടയണകൾ. ഇവയും ഗ്രാമീണമേഖലയിലുണ്ടാകുന്ന വികസനത്തിന്റെ അടയാളമാണെന്ന് മന്ത്രി പറഞ്ഞു.

കാർഷിക മേഖലയുമായി വലിയരീതിയിലുള്ള പ്രവർത്തനങ്ങൾക്ക് തൊഴിലുറപ്പ് പ്രവർത്തകരുടെ സേവനം പ്രയോജനപ്പെടുത്തണം. പദ്ധതിയുടെ ഭാഗമായി തരിശുപാടങ്ങളിൽ വിളവിറക്കി വരുമാനം നേടിയെടുക്കാൻ പ്രവർത്തകർക്ക് കഴിയും. കൃഷികൂട്ടം മാതൃകയിൽ നടത്താവുന്ന ഇത്തരം പ്രവർത്തനങ്ങൾക്ക് കൃഷിവകുപ്പിന്റെ സഹായം ലഭ്യമാക്കുമെന്നും മന്ത്രി ഉറപ്പു നൽകി. കലഞ്ഞൂർ ഗ്രാമപഞ്ചായത്തിലെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ചന്ദനപ്പള്ളി എസ്റ്റേറ്റിലെ മങ്ങാട്ടേത്തുപടി നീർച്ചാലിൽ കാട്ടുകല്ലുകൾ ഉപയോഗിച്ച് ചെക്ക്ഡാമിന്റെ നിർമ്മിച്ചത്.

സംസ്ഥാനത്തു തന്നെ ശ്രദ്ധ നേടിയ പ്രവർത്തനമാണ് നെടുമൺകാവിൽ തൊഴിലുറപ്പ് പ്രവർത്തകർ ചെയ്തിട്ടുള്ളതെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച അഡ്വ. കെ.യു ജനീഷ്‌കുമാർ എംഎൽഎ പറഞ്ഞു. ഈ പ്രവർത്തനത്തിന് നേതൃത്വം നൽകിയ തൊഴിലാളികൾക്കും ഉദ്യോഗസ്ഥർക്കും ജനപ്രതിനിധികൾക്കുമുള്ള അഭിനന്ദനമാണ് ഈ ചടങ്ങെന്നും എംഎൽഎ പറഞ്ഞു. ചടങ്ങിൽ ജില്ലാ പഞ്ചായത്ത് അംഗം വി.ടി അജോമോൻ, പി.എസ്.കെ ലിമിറ്റഡ് മാനേജിങ് ഡയറക്ടർ ഡോ. ജെയിംസ് ജേക്കബ്, വാർഡ് അംഗം എസ്‌പി സജൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, സിഡിഎസ് ചെയർപേഴ്സൺ അമ്പിളി മോഹൻ, ഉദ്യോഗസ്ഥർ, തൊഴിലുറപ്പ് പ്രവർത്തകർ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.