കണ്ണൂർ: കരുവഞ്ചാലിൽ തലനാരിഴയ്ക്കു ഒഴിവായത് വൻദുരന്തമെന്ന് പൊലിസ് അന്വേഷണ റിപ്പോർട്ട്. ബസ് സ്റ്റോപ്പിൽനിർത്തി ആളെ കയറ്റുന്ന ബസിന് പുറകിൽ മറ്റൊരു ബസിടിച്ചു മുൻപോട്ടു നീങ്ങിയ ബസിനടിയിൽപ്പെട്ട പത്തുപേർക്ക് പരുക്കേറ്റ സംഭവത്തിലാണ് സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നുമാണ് വൻദുരന്തമൊഴിവായത് പൊലിസിന് വ്യക്തമായത്.

ഇതേ തുടർന്ന് ആലക്കോട് പൊലിസ് അപകടമുണ്ടാക്കിയ സ്വകാര്യബസ് ഡ്രൈവർക്കെതിരെ കേസെടുത്തു. അമിതവേഗതയിൽ അശ്രദ്ധമായി ബസോടിച്ചതിനാണ് കേസെടുത്തത്. വ്യാഴാഴ്‌ച്ച രാവിലെ ഒൻപതരയോടെ കരുവഞ്ചാൽ പള്ളിക്ക് മുൻപിലുണ്ടായിരുന്ന അപകടത്തിൽ ഒരു യാത്രക്കാരിയുടെ പരുക്ക് ഗുരുതരമാണ്. കോട്ടക്കടവിലെ ചെരുവിൽ ജോസിന്റെ ഭാര്യവൽസമ്മയ്ക്കാണ് പരുക്കേറ്റത്. ഇവരുടെ രണ്ടുകാലുകൾക്കും മുകളിലൂടെ ബസിന്റെ ടയറുകൾ കയറിയിറങ്ങി. ഇവർ കണ്ണൂർ ചാലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

അടിയന്തിര ശസ്ത്രക്രിയക്ക് വിധേയമാക്കിയിട്ടുണ്ടെന്നാണ്വിവരം. ഇവരോടൊപ്പം ബസിൽ കയറുകയായിരുന്ന മറ്റൊരു സ്ത്രീക്കും പരുക്കേറ്റിട്ടുണ്ട്. പരപ്പയിലേക്ക് പോകുന്ന സിനാൻ ബസിന് പുറകെയാണ് ഇരിട്ടിയിൽ നിന്നും വെള്ളരിക്കുണ്ടിലേക്ക് പോവുകയായിരുന്ന എയ്ഞ്ചൽ ബസിടിച്ചത്. കരുവഞ്ചാൽ കരുണാപുരം പള്ളിയിലെ തിരുനാൾ ആഘോഷം നടക്കുന്നതിനാൽ രാവിലെ പള്ളിയിൽ പ്രാർത്ഥനയ്ക്കെത്തിയവർ ബസിൽ കയറാനായി വരുന്നതിനിടെയിലാണ് പുറകിൽ വന്ന ബസിടിച്ചത്. ഇതോടെ നിർത്തിയിട്ട ബസ് മുൻപിലേക്ക് നീങ്ങിയാണ് ബസിൽ കയറാനായി മുൻപിലൂടെ വരികയായിരുന്ന വത്സമ്മയെ ഇടിച്ചുവീഴ്‌ത്തിയത്. ഒരു കന്യാസ്ത്രീ ഉൾപ്പെടെ നാലുപേരെ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ബസുകൾക്കുള്ളിൽ ഇരിക്കുകയായിരുന്ന യാത്രക്കാർ കമ്പിയിൽ തലയിടിച്ചും സീറ്റിൽ നിന്നുതെറിച്ചുവീണുമാണ് പരുക്കേറ്റത്. മുപ്പതോളം പേർക്ക് നിസാരപരുക്കേറ്റു. ഇവർ കരുവഞ്ചാൽ ആശുപത്രിയിൽ പ്രാഥമിക ചികിത്സ തേടി.അപകടത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പൊലിസിന് ലഭിച്ചിട്ടുണ്ട്. അപകടമുണ്ടാക്കിയ ബസ് അമിത വേഗതയിലാണ് സഞ്ചരിച്ചത്. വളവിനിടെ ഒരു ടിപ്പർലോറിയെ വെട്ടിക്കുന്നതിനിടെയാണ് അപകടമുണ്ടായതെന്നാണ് സിസിടിവി ദൃശ്യങ്ങളിൽ നിന്നും വ്യക്തമാകുന്നു. വൻദുരന്തം ഒഴിവായത് തലനാരിഴയ്ക്കാണ്.

ഫയർഫോഴ്സും പൊലിസും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. കണ്ണൂരിലെ മലയോരങ്ങളിൽ സ്വകാര്യബസുകൾ മരണപാച്ചിൽ നടത്തുന്നുവെന്ന പരാതി നേരത്തെ ജനങ്ങൾക്കുണ്ട്. നിരവധി വാഹനാപകടങ്ങളിൽ ബൈക്ക്, കാർ യാത്രക്കാർ കൊല്ലപ്പെട്ടിരുന്നു.