കണ്ണൂർ: റെയിൽപ്പാളം നിരീക്ഷിച്ച് തീവണ്ടികളുടെ സുരക്ഷയൊരുക്കുന്ന ട്രാക്ക്മാൻ (ഗാങ്മാൻ, കീമാൻ) ജോലിയിൽനിന്ന് സ്ത്രീകൾ പിന്മാറുന്നു. ശൗചാലയവും വിശ്രമസ്ഥലങ്ങളുമില്ലാത്തതാണ് സ്ത്രീകളുടെ പിന്മാറ്റത്തിന് കാരണം. റെയിൽവേയുടെ മറ്റു വിഭാഗങ്ങളിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് ഭൂരിഭാഗംപേരും അപേക്ഷ നൽകി.

ഓരോ സെക്ഷനിലും ഈ വിഭാഗത്തിൽ നിലവിൽ ജോലി ചെയ്യുന്നവരിൽ പകുതിയോളം പേർ സ്ത്രീകളാണ്. കണ്ണൂർ സെക്ഷനിൽ മാത്രം 40 പേർ പാളത്തിൽ ജോലിചെയ്യുന്നു. യാത്രയ്ക്കിടെ പ്രാഥമികാവശ്യത്തിന് എവിടെയും പോകാനാകില്ല. തിരിച്ച് കാബിനിലെത്തുംവരെ ബുദ്ധിമുട്ടും. പല സ്റ്റേഷനിലും ഇവർക്ക് ശൗചാലയമില്ല. വിശ്രമത്തിന് കുടുസുമുറികളുമാണ്.

50 വയസ്സ് കഴിഞ്ഞ വനിതാ കീമാന്മാരെപ്പോലും സെക്ഷൻ മാറ്റാതെ ഇപ്പോഴും പാളംജോലിക്ക് വിടുന്നുണ്ട്. പാളത്തിൽ പണിയെടുക്കുന്ന ജോലിക്കാരുടെ 'ചുമട് ഭാരം' റെയിൽവേ ഇപ്പോഴും കുറച്ചിട്ടില്ല. ഉപകരണക്കിറ്റിന്റെ ഭാരം 12-16 കിലോഗ്രാമാണ്.