- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മഹാരാജാസിലെ അക്രമണത്തിൽ മുഹമ്മദ് ഇജ്‌ലാൽ അറസ്റ്റിൽ
കൊച്ചി: എറണാകുളം മഹാരാജാസ് കോളേജിൽ എസ്.എഫ്.ഐ. യൂണിറ്റ് സെക്രട്ടറി പി.എ. അബ്ദുൽ നാസറിന് വെട്ടേറ്റ സംഭവത്തിൽ എട്ടാംപ്രതി എൻവയോൺമെന്റൽ കെമിസ്ട്രി മൂന്നാംവർഷ വിദ്യാർത്ഥിയും കെ.എസ്.യു പ്രവർത്തകനുമായ മുഹമ്മദ് ഇജ്‌ലാൽ അറസ്റ്റിലായി. ബുധനാഴ്ച കോളേജിലെ അറബിക് അദ്ധ്യാപകൻ ഡോ. കെ.എം. നിസാമുദ്ദീനെ ആക്രമിച്ച ഫ്രറ്റേണിറ്റി പ്രവർത്തകനെതിരേ പ്രതിഷേധിച്ചതിലുള്ള വിരോധമാണ് അക്രമത്തിലേക്കുനയിച്ചതെന്ന് എഫ്.ഐ.ആറിൽ പറയുന്നു.
എം.ജി. സർവകലാശാലാ നാടകോത്സവത്തിന്റെ ഭാഗമായി കാമ്പസിനകത്ത് നാടക പരിശീലനമുണ്ടായിരുന്നു. ഇതിന്റെ ചുമതലക്കാരനായ നാസർ പരിശീലനത്തിനുശേഷം ഇറങ്ങുമ്പോഴാണ് ആക്രമണമുണ്ടായത്. ഒപ്പമുണ്ടായിരുന്ന യൂണിറ്റ് കമ്മിറ്റിയംഗം ബി.എ. ഫിലോസഫി രണ്ടാം വർഷ വിദ്യാർത്ഥി ഇ.വി. അശ്വതിക്കും കൈക്ക് പരിക്കേറ്റു. പ്രതികൾക്കെതിരേ വധശ്രമം, നിയമവിരുദ്ധ കൂട്ടംകൂടൽ, കലാപശ്രമം, ഭീഷണിപ്പെടുത്തൽ, ആയുധം ഉപയോഗിച്ച് പരിക്കേൽപ്പിക്കൽ തുടങ്ങി ഒൻപതു വകുപ്പുകൾ ചുമത്തിയാണ് പൊലീസ് കേസെടുത്തത്. പ്രതികളെല്ലാം കെ.എസ്.യു.-ഫ്രറ്റേണിറ്റി പ്രവർത്തകരാണെന്ന് എസ്.എഫ്.ഐ. ആരോപിച്ചു.
കേസിലെ രണ്ടുപ്രതികൾക്ക് രാത്രി ഒരു മണിയോടെ മർദനമേറ്റതായി പരാതിയുണ്ട്. കേസിലെ രണ്ടാംപ്രതി ബിലാൽ, ഏഴാം പ്രതി അമൽ ടോമി എന്നിവർക്കുനേരേയാണ് രണ്ടിടത്തായി ആക്രമണമുണ്ടായത്. കോളേജിലെ വിദ്യാർത്ഥികളായ ഇരുപത് പേർക്കെതിരേ പൊലീസ് കേസെടുത്തു. ജനറൽ ആശുപത്രിക്ക് മുൻഭാഗത്തും ആംബുലൻസിലുമായിരുന്നു ബിലാലിനുനേരേയുള്ള ആക്രമണം.



