തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ വീണ്ടും കേസെടുത്ത് പൊലീസ്. ബുധാഴ്ച ജാമ്യം ലഭിച്ചതിനു പിന്നാലെ പൂജപ്പുര ജയിലിനു മുന്നിൽ രാഹുൽ മാങ്കൂട്ടത്തിലിന് സ്വീകരണം നൽകിയ സംഭവത്തിൽ 12 യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പ്രതിചേർത്താണ് കേസെടുത്തിരിക്കുന്നത്. കേസിൽ രാഹുൽ രണ്ടാം പ്രതിയാണ്. യൂത്ത് കോൺഗ്രസ് തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് നേമം സജീറാണ് ഒന്നാം പ്രതി.

ഗതാഗതം തടസ്സപ്പെടുത്തി പൊതുജന സമാധാനം തകർത്തു, ലഹളയുണ്ടാക്കണമെന്ന ഉദ്ദേശത്തോടെ പ്രകോപനമുണ്ടാക്കി, ഫ്‌ളെക്‌സ് ബോർഡുകൾ തകർത്തു, പൊലീസ് ആജ്ഞ ലംഘിച്ച് ന്യായ വിരുദ്ധ പ്രവർത്തികൾ നടത്തി തുടങ്ങിയ വകുപ്പുകൾ ചേർത്താണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. കണ്ടാലറിയാവുന്ന ഇരുന്നൂറോളം പേർക്കെതിരെയും കേസെടുത്തിട്ടുണ്ട്.

സെക്രട്ടറിയേറ്റ് പ്രതിഷേധവുമായി ബന്ധപ്പെട്ട എല്ലാ കേസിലും ജാമ്യം ലഭിച്ച് ബുധനാഴ്ച രാത്രി 09:15-ഓടെയാണ് രാഹുൽ പൂജപ്പുര ജയിലിൽനിന്ന് പുറത്തിറങ്ങിയത്. ഇതാണ് പുതിയ കേസായി മാറുന്നത്.