കോട്ടയം: സൂമൂഹിക പരിഷ്‌കർത്താവ് എന്ന നിലയിൽ മന്നത്ത് പത്മനാഭന്റെ പ്രവർത്തനങ്ങൾ വിശദമാക്കി ഇംഗ്ലീഷിൽ ഗവേഷണ ഗ്രന്ഥം പുറത്തിറക്കി നായർ സർവീസ് സൊസൈറ്റി. മന്നത്ത് പത്മനാഭന്റെ ജീവിതവും പ്രവർത്തനങ്ങളും കേരളത്തിന് പുറത്തേക്ക് കൂടുതൽ പരിചയപ്പെടുത്തുക എന്ന ലക്ഷ്യവുമായാണ് എൻ എസ് എസ് ഗവേഷണ ഗ്രന്ഥം പുറത്തിറക്കിയത്. 'ശ്രീ മന്നത്ത് പത്മനാഭൻ ലിവിങ് ബിയോണ്ട് ദി ഏജസ്' എന്ന പുസ്തകത്തിന്റെ ചീഫ് എഡിറ്റർ ചങ്ങനാശേരി എൻ എസ് എസ് ഹിന്ദു കോളജ് പ്രിൻസിപ്പൽ പ്രഫ. എസ് സുജാതയാണ്.

സൂമൂഹിക പരിഷ്‌കർത്താവ് എന്ന നിലയിൽ മന്നത്ത് പത്മനാഭന്റെ പ്രവർത്തനങ്ങൾ വിശദമായി ചർച്ച ചെയ്യുന്ന ലേഖനങ്ങൾ പുസ്തകത്തിലുണ്ട്. അദ്ദേഹത്തിന്റെ മത, സാമൂഹിക, സാംസ്‌കാരിക വിദ്യാഭ്യാസ രാഷ്ട്രീയ ഇടപെടലുകളും വിശദമായി ചർച്ച ചെയ്യുന്നു.

കാലത്തിന് മുമ്പേ സഞ്ചരിച്ച മന്നം എന്ന കർമ്മയോഗിയെക്കുറിച്ചുള്ള എൻ എസ് എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരുടെ ലേഖനത്തോടെയാണ് പുസ്തകം ആരംഭിക്കുന്നത്. വിവിധ മേഖലകളിൽ പ്രശസ്തരായവരുടെ 21 ലേഖനങ്ങൾ പുസ്തകത്തിലുണ്ട്. മന്നത്തിന്റെ പ്രശസ്തമായ മുതുകുളം പ്രസംഗം ഉൾപ്പെടെയുള്ള പ്രഭാഷണങ്ങളുടേയും പ്രസ്താവനകളുടേയും ഇംഗ്ലീഷ് പരിഭാഷയുണ്ട്.