കൊച്ചി: കിഫ്ബി മസാല ബോണ്ട് കേസിൽ മുന്മന്ത്രിയും സിപിഎം നേതാവുമായ തോമസ് ഐസക്കിന് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) നോട്ടീസയച്ചു. കൊച്ചിയിലെ ഇഡി ഓഫീസിൽ തിങ്കളാഴ്ച ഹാജരാകാനാണ് നിർദ്ദേശം.

നേരത്തെ ഈ മാസം 12-ന് ഹാജരാകാൻ ഇഡി ഐസക്കിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ 21-വരെ തനിക്ക് ചില തിരക്കുകളുള്ളതിനാൽ വരാൻ കഴിയില്ലെന്ന മറുപടിയാണ് അദ്ദേഹം നൽകിയത്. ഇതോടെയാണ് 22-ന് തിങ്കളാഴ്ച ഹാജരാകാൻ ആവശ്യപ്പെട്ട് വീണ്ടും നോട്ടീസ് നൽകിയിരിക്കുന്നത്. കേസിന്റെ ആദ്യഘട്ടത്തിൽ തോമസ് ഐസക്കിനും കിഫ്ബിക്കും ഇഡി നോട്ടീസ് അയച്ചിരുന്നു. തുടർന്ന് ഇഡിയുടെ സമൻസ് ചോദ്യം ചെയ്ത് ഐസക്ക് ഹൈക്കോടതിയിൽ പോയി. സമൻസ് പിന്നീട് ഇഡി പിൻവലിച്ചു.

ഇതോടെ ഇ.ഡിയെ പരിഹസിച്ച് ഐസക്ക് രംഗത്തെത്തി. കുറ്റിയും പറിച്ചുകൊണ്ട് ഓടി എന്നൊക്കെ നമ്മൾ പറയാറില്ലേ, അതുപോലൊരു അഭ്യാസമാണ് സമൻസ് പിൻവലിച്ചുകൊണ്ട് ഇ.ഡി നടത്തിയതെന്നായിരുന്നു പരിഹാസം. കേസിൽ ഇനി എന്തെങ്കിലും തെളിവുമായിട്ടേ തന്നെ ചോദ്യംചെയ്യാൻ വിളിപ്പിക്കാൻ സാധിക്കുവെന്നും അല്ലെങ്കിൽ ഇ.ഡിക്കെതിരേ വീണ്ടും കോടതിയെ സമീപിക്കുമെന്നും ഐസക് ഫേസ്‌ബുക്ക് കുറിപ്പിൽ പറഞ്ഞു.

എന്നാൽ, അന്വേഷണത്തെ തടയുന്ന ഒന്നും ഹൈക്കോടതിയുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് തുടർനടപടികളുമായി ഇഡി ഇപ്പോൾ മുന്നോട്ടുപോകുന്നത്. ഫണ്ട് വിനിയോഗം ഉൾപ്പെടെ ലംഘനങ്ങൾ നടന്നിട്ടുണ്ടോയെന്ന് അന്വേഷിക്കുമെന്നാണ് ഇഡി നൽകുന്ന വിവരം.